എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ; ഹയർ സെക്കൻഡറി പത്തിന് തുടങ്ങും

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ 29 വരെ നടക്കും. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
രാവിലെ 9.30നാണ് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുക. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. മൂല്യനിർണയം 70 ക്യാംപുകളിൽ ഏപ്രിൽ 3 മുതൽ 24വരെ നടക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും.
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10ന് തുടങ്ങി മാർച്ച് 30ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. രാവിലെ 9.30ന് പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറിയിൽ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ തുടങ്ങുക.
ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മേയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാംപുകൾ ഉണ്ടായിരിക്കും. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും. ഒന്നു മുതൽ ഒമ്പതു വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13ന് തുടങ്ങി 30ന് അവസാനിക്കും.