വീട് കേന്ദ്രീകരിച്ച് മദ്യം വിറ്റയാൾ പോലീസ് പിടിയിൽ

ചക്കരക്കൽ : വീട് കേന്ദ്രീകരിച്ച് മദ്യം വിറ്റയാൾ പൊലീസ് പിടിയിൽ. ടൗണിനു സമീപം കണ്ണോത്ത് വീട്ടിൽ കുറുക്കൻ വിനോദ് എന്ന വിനോദനെയാണ് (58) സി.ഐ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
96 കുപ്പി മദ്യവും 2.16 ലക്ഷം രൂപയും ഇയാളിൽ നിന്നു പിടിച്ചെടുത്തു. തലശ്ശേരി സിജെഎം കോടതി ഇയാളെ റിമാൻഡ് ചെയ്തു. സിഐക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ 30 കുപ്പി മദ്യവുമായി വിനോദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ വീട്ടിൽ കൂടുതൽ മദ്യം സ്റ്റോക്കുണ്ടെന്ന് പൊലീസിനു സൂചന ലഭിച്ചു. തുടർന്ന് ഇന്നലെ രാവിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് 66 കുപ്പി മദ്യം പിടിച്ചെടുത്തത്.
ഏറെക്കാലമായി ഇയാളുടെ വീട് സമാന്തര ബാർ ആയി പ്രവർത്തിച്ചു വരികയാണെന്ന് സിഐ പറഞ്ഞു. വീടിന്റെ സെൻട്രൽ ഹാളിൽ രഹസ്യ അറയിലാണു മദ്യം സൂക്ഷിച്ചിരുന്നത്.
മദ്യം വിറ്റ് ലഭിച്ച 2.16 ലക്ഷം രൂപയാണു പിടിച്ചെടുത്തത്. ബവ്റിജസ് കോർപറേഷന്റെ ഔട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ ശേഷം ആവശ്യക്കാർക്കു വിൽപന നടത്തുകയാണ് ഇയാളുടെ പതിവെന്നു പൊലീസ് പറഞ്ഞു. മദ്യത്തിനു പുറമേ നിരോധിത ലഹരി ഉൽപന്നങ്ങളും റെയ്ഡിൽ പിടിച്ചെടുത്തു.