വേനൽച്ചൂടിൽ വയലുകൾ വറ്റി വരണ്ടു; നെൽക്കൃഷി കർഷകർ ആശങ്കയിൽ

Share our post

മുണ്ടേരി : വേനൽച്ചൂടിൽ വയലുകൾ വറ്റി വരണ്ടതു കാരണം നെൽക്കൃഷി കർഷകർ ആശങ്കയിൽ. തുലാവർഷം കുറഞ്ഞതും വേനൽമഴ ലഭിക്കാത്തതുമാണു കർഷകരെ പ്രതിസന്ധിയിലാക്കിയത്. മുണ്ടേരി, കൈത്തല, പടന്നോട്ട്, ഇടയിലെപീടിക, മുണ്ടേരിമെട്ട വയലുകളിലായി ഒട്ടേറെ പേരുടെ നെൽക്കൃഷി വെള്ളം ലഭിക്കാതെ നശിക്കുന്ന സ്ഥിതിയാണ്.

നേരത്തേ കാട പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ തടയണ നിർമിച്ചെങ്കിലും നിർമാണത്തിലെ അപാകത കർഷകർക്കു തിരിച്ചടിയായി. ആഴക്കൂടുതൽ കാരണം തടയണയിൽ നിന്ന് വെള്ളം വയലിലേക്ക് എത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് കർഷകൻ കെ.കൃഷ്ണദാസ് പറഞ്ഞു.

കൂടാതെ ഗെയ്ൽ പദ്ധതിയുടെ പൈപ് ഇടുന്നതിന് വേണ്ടി കുഴിയെടുത്ത ഭാഗത്തുകൂടി നീരുറവ ഒഴുകിപ്പോകുന്നതും പഴശ്ശി കനാൽ വഴി ജലം ലഭിക്കാത്തതും കർഷകരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി.

പല സ്ഥലത്തും നെൽ വയൽ വരണ്ട് വിണ്ടു കീറിയ നിലയിലാണ്. വെള്ളം കിട്ടാക്കനി ആയതോടെ വേനൽ കാരണം കരിഞ്ഞ നെല്ല് മൂപ്പെത്തും മുൻപു കൊയ്യേണ്ട സ്ഥിതിയാണ്. ഇതു പ്രദേശത്തെ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുമെന്നു കർഷകർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!