തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ

തിരുപ്പതി തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. സുഗമമായ ദര്‍ശനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
വൈകുണ്ഡം 2 കോംപ്ലക്‌സിലും അക്കൊമഡേഷന്‍ മാനേജ്‌മെന്റ് സംവിധാനത്തിലുമാണ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചതെന്ന് ക്ഷേത്രം നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനം പറഞ്ഞു.
ടോക്കനില്ലാത്ത ദര്‍ശന സൗകര്യം ഒരുക്കാനും തീര്‍ത്ഥാടകര്‍ക്കുള്ള മുറികള്‍ ഒരുക്കുന്നത് സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു ശ്രമം.
തീര്‍ത്ഥാടകര്‍ ഒന്നിലധികം ടോക്കനുകള്‍ കൈപ്പറ്റുന്നത് തടയാനും കാത്ത് നില്‍ക്കുന്നവര്‍ക്ക് പ്രയാസകരമായി ആവര്‍ത്തിച്ച് ദര്‍ശനം നടത്തുന്നവരെ തടയാനും ഇതുവഴി സാധിക്കും. ഒരുമാസം ഒന്നില്‍കൂടുതല്‍ തവണ ആര്‍ക്കും സൗജന്യ ദര്‍ശനം അനുവദിക്കില്ല.
തീര്‍ത്ഥാടകര്‍ക്ക് സബ്‌സിഡിയോടുകൂടിയ വാടകയില്‍ മുറികള്‍ നല്‍കുന്നത് ഉറപ്പുവരുത്താനും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നും ദേവസ്ഥാനം അധികൃതര്‍ പറഞ്ഞു.
ലിംഗഭേദം, വയസ് എന്നിവ ഉള്‍പ്പടെ വിവിധ ഘടകങ്ങളെ ആധാരമാക്കി തീര്‍ത്ഥാടകരെ വേര്‍തിരിക്കാന്‍ ഈ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.
സൗജന്യ ദര്‍ശനത്തിനും താമസ സൗകര്യത്തിനും വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ വിന്യസിച്ചിരിക്കുന്ന പുതിയ സംവിധാനം ഫലപ്രദമാണെങ്കില്‍ ക്ഷേത്രത്തിലെ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. ഫെബ്രുവരി 27ാം തീയ്യതി മാത്രം 71387 തീര്‍ത്ഥാടകരാണ് ക്ഷേത്രത്തിലെത്തിയത്. 5.71 കോടി രൂപ ഭണ്ഡാരത്തിലൂടെയും ലഭിച്ചു. ദിവസേന ശരാശരി 50000 പേര്‍ ഇവിടെയെത്തുന്നുവെന്നാണ് കണക്ക്. ബ്രഹ്‌മോത്സവം പോലുള്ള പ്രത്യേക ദിവസങ്ങളിലും ഉത്സവകാലത്തും നാല് മുതല്‍ അഞ്ച് ലക്ഷം പേര്‍ ഇവിടെ എത്താറുണ്ട്.
10.25 ടണ്‍ സ്വര്‍ണം അടക്കം 2.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയാണ് ക്ഷേത്രത്തിനുള്ളത്.