വിവരാവകാശ നിയമ അപേക്ഷകളില്‍ നിയമ പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവൂ; കമ്മീഷണര്‍

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ ആ നിയമപ്രകാരമുള്ള ഫീസ് മാത്രം ഈടാക്കി വിവരം നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ അബ്ദുള്‍ ഹക്കീം അറിയിച്ചു.
കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ, കൃത്യമായ വിവരം ലഭിക്കാതിരുന്ന അപേക്ഷകളിലെ രണ്ടാം അപ്പീല്‍ ഹരജിക്കാര്‍, പൊതുവിവര ഓഫീസര്‍മാര്‍, ഒന്നാം അപ്പീല്‍ അധികാരികള്‍ എന്നിവരുടെ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവെടുപ്പില്‍ ഹാജരാവാതിരുന്ന കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഓഫീസര്‍മാര്‍ക്ക് തിരുവനന്തപുരത്ത് ഹാജരാവാന്‍ സമന്‍സ് അയക്കും.റവന്യൂ, രജിസ്ട്രേഷന്‍ പോലെ ചില വകുപ്പുകളും സര്‍വകലാശാല പോലെ ചില സ്വയംഭരണ സ്ഥാപനങ്ങളും സര്‍ച്ച് ഫീസ്, ഓരോ സര്‍ട്ടിഫിക്കറ്റിനും രേഖയ്ക്കും പ്രത്യേക ഫീസ് എന്നിവ ഈടാക്കുന്നത് ശരിയല്ല.
അധികം ഫീസ് വാങ്ങിയത് തിരിച്ചടപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമം ഏറെ ഉപയോഗപ്പെടുത്തുന്നത് നാട്ടിലെ ദരിദ്ര സമൂഹമാണ്.
പത്ത് രൂപ മുടക്കിയാല്‍ ഏത് ഓഫീസിലെയും ഫയലുകള്‍ കാണാനും പകര്‍പ്പെടുക്കാനും അവകാശം നല്‍കുന്ന നിയമമാണിത്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഉത്തരപേപ്പറിന്റെ പകര്‍പ്പ് ചോദിച്ച വിദ്യാര്‍ഥിയോട് സര്‍വകലാശാല ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ വിവരാവകാശ നിയമപ്രകാരം ഒരു പേജിന് മൂന്ന് രൂപ നിരക്കില്‍ ഫീസ് ഇടാക്കി പകര്‍പ്പ് നല്‍കാനുള്ള കമ്മീഷന്റെ ഉത്തരവിനെതിരെ സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. പക്ഷേ, വിവരാവകാശ നിയമപ്രകാരം മാത്രമേ ഫീസ് ഈടാക്കാവൂ എന്നാണ് ഹൈക്കോടതി വിധിച്ചത്.
ഒന്നാം അപ്പീല്‍ അധികാരിക്ക് അപേക്ഷകനെ ഹിയറിംഗിന് വിളിക്കാന്‍ അധികാരമില്ലെന്നും പൊതുവിവര ഓഫീസറെ വേണമെങ്കില്‍ വിളിപ്പിക്കാമെന്നും കമ്മീഷണര്‍ പറഞ്ഞു. അപേക്ഷകന്റെ ലക്ഷ്യമോ താല്‍പര്യമോ അന്വേഷിക്കാന്‍ പാടില്ല.
വിവരം കൈയിലുണ്ടായിട്ടും കൈമാറാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന ഓഫീസര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ മുതലിറക്കുന്ന ഏത് സ്ഥാപനത്തിനും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ പൊതുജനത്തിന് നല്‍കാന്‍ ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. സിറ്റിംഗില്‍ 13 കേസുകള്‍ പരിഗണിച്ച് തീര്‍പ്പാക്കി.