സാമൂഹിക സുരക്ഷാ പെൻഷൻ: തത്കാലം മുടങ്ങില്ല

Share our post

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് തത്കാലം പെൻഷൻ മുടങ്ങില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ പെൻഷൻ മാർച്ചുമുതൽ നിർത്തലാക്കണമെന്ന് ധനവകുപ്പ് ശുപാർശചെയ്തെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് ഇനിയും അത് ഹാജരാക്കാം. വരുമാനം പരിധിക്കുള്ളിലാണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മാസംമുതൽ അവർക്ക് തുടർന്നും പെൻഷൻ നൽകാനാണ് തീരുമാനം. അതിനിടയിലെ മാസങ്ങളിലെ കുടിശ്ശിക ലഭിക്കില്ല. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാവുന്നമുറയ്ക്ക് വാർഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലുള്ളവരെ പുറത്താക്കും.

ഏപ്രിൽ-മേയ് മാസങ്ങളിൽ പെൻഷൻകാരുടെ മസ്റ്ററിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അക്ഷരസെന്ററുകളിൽ ഹാജരായി, ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതിന് വിരലയടയാളം പതിപ്പിക്കാത്തവരെയും പെൻഷൻ പദ്ധതിയിൽനിന്ന് പുറത്താക്കും.

2019-ലാണ് ഒടുവിൽ മസ്റ്ററിങ് നടത്തിയത്. നിലവിൽ പെൻഷൻ സ്വീകരിക്കുന്നവരെല്ലാം മസ്റ്ററിങ് നടത്തേണ്ടിവരും.

വരുമാനം കൂടിയ എത്രപേരുണ്ടെന്ന കണക്ക് എത്രയും വേഗം നൽകാൻ ഇൻഫർമേഷൻ കേരള മിഷനോട് (ഐ.കെ.എം.) ധനവകുപ്പ് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾ സ്വീകരിച്ച ഒട്ടേറെ സർട്ടിഫിക്കറ്റുകൾ ഇനിയും കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ദിവസങ്ങളെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!