സ്വകാര്യ വ്യക്തികളോ മതസ്ഥാപനങ്ങളോ ഇനി ആനകളെ പരിപാലിക്കരുത് – മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി സ്വകാര്യവ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന കാര്യം ഉറപ്പുവരുത്താന്‍ പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥയിലുള്ള ആനകളേയും ഉടനടി പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
ക്ഷേത്രങ്ങളുടേയും സ്വകാര്യവ്യക്തികളുടേയും കീഴിലുള്ള എല്ലാ ആനകളേയും സര്‍ക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റാനായി ഉയര്‍ന്നിട്ടുള്ള ആവശ്യത്തിന് അനുകൂലമായ തീരുമാനം സ്വീകരിക്കാനുള്ള സമയമായെന്നും ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് കോടതി അയച്ച നോട്ടീസില്‍ പറയുന്നു.
60 വയസ് പ്രായമുള്ള ലളിത എന്ന പിടിയാനയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആനയെ അതിന്റെ പാപ്പാനില്‍ നിന്ന് വേര്‍പിരിക്കേണ്ടതില്ലെന്ന് മധുര ബെഞ്ചിലെ ജഡ്ജി ഉത്തരവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ലളിതയെ അടുത്തിടെ സന്ദര്‍ശിച്ച ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ ആനയുടെ ശരീരത്തിലെ മുറിവുകള്‍ കാണുകയും മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആനയ്ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ വിരുധുനഗര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.