ഒരു വശത്തേക്ക് രണ്ട് ഘട്ടങ്ങളായി 255 രൂപ ടോള്‍; മൈസൂരു-ബെംഗളൂരു ഹൈവേയില്‍ ഇപ്പോള്‍ പണംവേണ്ട

മൈസൂരു: സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ മാര്‍ച്ച് 14 വരെ മൈസൂരു-ബെംഗളൂരു അതിവേഗപാതയില്‍ ടോള്‍ ഈടാക്കില്ലെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ചമുതല്‍ ടോള്‍പിരിവ് ആരംഭിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍വീസ് റോഡ് സജ്ജമാകാത്തതിനാല്‍ എതിര്‍പ്പുയര്‍ന്നതോടെയാണ് ടോള്‍പിരിവ് നീട്ടിവെച്ചത്.
ആകെ 10 വരിയുള്ള അതിവേഗപാതയില്‍ ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളാണുള്ളത്. അതിവേഗപാതയില്‍ ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ടവരെയുള്ള ഭാഗത്തെ ടോളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ കേരള, കര്‍ണാടക ആര്‍.ടി.സി.കള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, ടോള്‍പിരിവ് നീട്ടിയതോടെ തത്കാലം ടിക്കറ്റ് നിരക്ക് വര്‍ധനയുണ്ടാകില്ല.
അതിവേഗപാതയില്‍ ഒരുവശത്തേക്കുള്ള പൂര്‍ണമായ ടോള്‍നിരക്ക് കാറുകള്‍ക്ക് 255 രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ട് തവണയായാണ് ടോള്‍ ഈടാക്കുക. ബെംഗളൂരുമുതല്‍ നിദാഘട്ടവരെ 135 രൂപയും നിദാഘട്ടമുതല്‍ മൈസൂരുവരെ 120 രൂപയുമെന്ന രീതിയിലാണത്.
ഇതില്‍ ബെംഗളൂരു-നിദാഘട്ട ഭാഗത്തെ ടോള്‍നിരക്ക് മാത്രമേ ദേശീയപാത അതോറിറ്റി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളൂ. നിദാഘട്ട-മൈസൂരു ഭാഗത്ത് അതിവേഗപാതയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാലാണ് ടോള്‍നിരക്ക് പുറത്തുവിടാത്തത്. അതിനാല്‍, ദേശീയപാത അതോറിറ്റിയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായാല്‍ മാത്രമേ നിദാഘട്ട-മൈസൂരു ഭാഗത്തെ ടോള്‍നിരക്ക് സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകൂ.
അതിവേഗപാതയുടെ ഉദ്ഘാടനത്തിനുശേഷം സുരക്ഷാകാരണത്താല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുചക്രവാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കേണ്ടെന്നാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഇതുസംബന്ധിച്ച് വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.