ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്നു മുതൽ

Share our post

കണ്ണൂർ : ജില്ലയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്നു മുതൽ നടക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ ജീവന ക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണ്. ‍

സംസ്ഥാനത്തു ഭക്ഷ്യവിഷബാധ വ്യാപകമായതോടെയാണു സർക്കാർ നിയമം കർശനമാക്കിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെകടർമാരും പരിശോധനയ്ക്കുണ്ടാകും.

ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി 2 തവണ സമയം നീട്ടി നൽകിയിരുന്നു.ഫെബ്രുവരി 1 മുതൽ ഹെൽത്ത് കാർഡ് കർശനമാക്കും എന്നായിരുന്നു ആദ്യ പ്രഖ്യാപനം.

പരിശോധന ഇങ്ങനെ

ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വെബ് സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്തെടുത്ത്, റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ ആണ് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുക. ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധനയും ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ്, പകർച്ചവ്യാധികൾ എന്നിവയുണ്ടോയെന്ന പരിശോധനയും നടത്തും.

വാക്‌സീനുകൾ എടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കും. രക്തപരിശോധനയും നടത്തും. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി. ഹെൽത്ത് ഇൻസ്പെക്ടർമാർ ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. ഡോക്ടർ പരിശോധിച്ച് നൽകിയ സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഓഫിസ് സൂക്ഷിച്ചു വയ്ക്കും.

സമയം നീട്ടി നൽകണം കെ.എൻ.ഭൂപേഷ്, ജില്ലാ സെക്രട്ടറി, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ

ജില്ലയിലെ ഹോട്ടൽ മേഖലയിൽ ഒട്ടേറെ തൊഴിലാളികൾ ഉണ്ട്. ഇവർക്കെല്ലാം കുറഞ്ഞ സമയ പരിധിക്കുള്ളിൽ ഹെൽത്ത് കാർഡ് ലഭ്യമാക്കാനായിട്ടില്ല. സമയം നീട്ടിനൽകാൻ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഹെൽത്ത് കാർഡ് പദ്ധതിയോട് പൂർണമായും അനുകൂലമാണ്. എല്ലാ സഹകരണവും നൽകും. തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ മേഖലയിൽ അസോസിയേഷൻ പരിശീലനം നൽകി വരുന്നുണ്ട്.

ഇന്നുമുതൽ കർശന നടപടി കെ.പി.മുസ്തഫ,അസിസ്റ്റന്റ് കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്

ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജോലിക്കാർക്ക് ഹെൽത്ത് കാർഡ് എന്നത് സർക്കാരിന്റെ നേരത്തെയുള്ള നിർദേശമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ദിവസേനയുള്ള പരിശോധനയിൽ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുമുണ്ട്. സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഇന്ന് മുതൽ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!