ന്യായാധിപനില്ലാതെ വർഷം ഒന്ന് : കണ്ണൂർ കോടതിയിൽ കേസ് കൂമ്പാരം

Share our post

കണ്ണൂർ: ന്യായാധിപനില്ലാത്തതു കാരണം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ (രണ്ട്)കേസുകൾ കെട്ടിക്കിടക്കുന്നു. ഒരു വർഷമായി ഈ കോടതിക്ക് നാഥനില്ലാതായിട്ട്.രണ്ടായിരത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്.ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികളിലൊന്നാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്). ദിവസം ഇരുന്നൂറിനും മുന്നൂറിനുമിടയിൽ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.

ഇതിനൊപ്പം ദിവസം നൂറുകണക്കിന് കേസുകളും വരുന്നു.സ്ഥാനക്കയറ്റം കിട്ടി പോയ മജിസ്‌ട്രേട്ടിന് പകരം നിയമനം നടന്നില്ല. അടുത്തൊന്നും പുതിയ മജിസ്‌ട്രേട്ട് നിയമനമുണ്ടാകില്ലെന്നും വിവരമുണ്ട്. മജിസ്‌ട്രേട്ട് ബാച്ചിന്റെ പരിശീലനം നടക്കാനിരിക്കുകയാണ്. സിവിൽ, ക്രിമിനൽ കോടതികളിലും ജുഡീഷ്യൽ അക്കാഡമിയിലും പരിശീലനം പൂർത്തിയായാൽ മാത്രമെ ഇവരുടെ നിയമനം പരിഗണിക്കുകയുള്ളു.

അതിന് ഇനിയും മാസങ്ങൾ കഴിയണം. സിറ്റി, വളപട്ടണം, മയ്യിൽ, ഇരിക്കൂർ, അഴീക്കൽ കോസ്റ്റൽ, കണ്ണൂരിലെയും കാസർകോട്ടെയും റെയിൽവേ പൊലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലെ ക്രിമിനൽ കേസുകൾ ഈ കോടതിയുടെ പരിധിയിലാണ്.പുതിയ മജിസ്‌ട്രേട്ട് വന്നാലും കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന് സമയമെടുക്കും.മുതലാക്കി മണൽമാഫിയ മണൽ, മയക്കുമരുന്ന് കേസുകൾ ഏറ്റവും കൂടുതലുള്ളത് ഈ കോടതിയുടെ പരിധിയിലെ സ്‌റ്റേഷനുകളിലാണ് . കേസെടുക്കുന്നതിന് പൊലീസ് മടിക്കുന്നതിനാൽ മണൽ മാഫിയകൾ വാഴുകയാണ്.

പൊലീസ് പ്രതികളെ ഹാജരാക്കാൻ എത്തിയാലേ ഇതിനുപകരം ചാർജ് ചെയ്ത കോടതി അറിയാൻ പറ്റൂ.കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയിലാണ് ചാർജ് ചെയ്തതെങ്കിൽ പ്രശ്‌നമില്ല. മിക്കപ്പോഴും പൊലീസിന് പ്രതികളെയുംകൊണ്ട് മട്ടന്നൂർ, പയ്യന്നൂർ സ്‌റ്റേഷനുകളിലേക്ക് പോകേണ്ടി വരുന്നു.സാധാരണ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി മജിസ്‌ട്രേട്ടിനാണ് ചാർജ് നൽകുന്നത്.

എന്നാൽ ആ കോടതിയിലും പിടിപ്പത് കേസുണ്ടായതിനാൽ ഇവിടേക്ക് കാര്യമായ ശ്രദ്ധ പതിയാറില്ല. മറ്റുള്ളവ മാറ്റിവയ്ക്കും. ജാമ്യമെടുക്കേണ്ട കേസിലും വലിയ പ്രശ്‌നമാണ്. എഫ്‌.ഐ.ആർ ഉൾപ്പെടെ പൊലീസിനും മറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ പറ്റുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!