നിലമൊരുക്കിയത്‌ ബാങ്ക്‌ ഫാർമേഴ്‌സ്‌ ക്ലബ്‌; പച്ചക്കറിയിൽ കരിവെള്ളൂർ കുതിപ്പ്‌

Share our post

കണ്ണൂർ: കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന്‌ നിലമൊരുക്കി കരിവെള്ളൂർ സർവീസ്‌ സഹകരണ ബാങ്ക്‌ ഫാർമേഴ്‌സ്‌ ക്ലബ്‌. ബാങ്ക്‌ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിലും പച്ചക്കറിക്ക്‌ കളമൊരുക്കിയത്‌ ഫാർമേഴ്‌സ്‌ ക്ലബ്ബാണ്‌. 2011 ൽ രൂപീകരിച്ച ക്ലബ്‌ ഒരു നാടിന്റെ പച്ചക്കറി കൃഷിക്കാകെ മേൽനോട്ടം വഹിക്കുന്നു.

ബാങ്കിന്റെയും ഫാർമേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം കൂക്കാനം, ചീറ്റ, വെള്ളവയൽ, പലിയേരി കൊവ്വൽ, മരുത് നിലം, ആണൂർ പടിഞ്ഞാറ്, കുണിയൻ, പാലത്തര, മണക്കാട് . അയത്ര വയൽ എന്നിവിടങ്ങളിലാണ്‌ പച്ചക്കറി കൃഷി നടത്തിയത്‌. കുണിയൻ, പാലത്തര, കോട്ടൂർ വയൽ എന്നിവിടങ്ങളിലാണ്‌ നെൽകൃഷി വിള മത്സരം സംഘടിപ്പിച്ചത്‌.

15 ഏക്കറിലാണ്‌ വിഷരഹിത പച്ചക്കറി വിളഞ്ഞത്‌. ഇതിന്റെ ഭാഗമായി കാർഷിക പഠനയാത്ര, സെമിനാർ, ചർച്ചാ ക്ലാസ്‌, അടുക്കളത്തോട്ടം വിത്ത് വിതരണം, ജൈവ പച്ചക്കറി കൃഷി – വിത്ത് വിതരണം എന്നിവ ഒരുക്കി. ബാങ്കിന്റെ നേതൃത്വത്തിൽ സാങ്കേതിക നിർദേശവും ഫീൽഡ്‌ സന്ദർശനവും നടത്തി. ഫാർമേഴ്സ് ക്ലബ്‌ വിത്തുൽപാദനത്തോട്ടം, നെൽകൃഷിയിൽ പ്രദർശനത്തോട്ടം, വിളമത്സരം, കർഷകരെ ആദരിക്കൽ, വിഷുവിന് വിഷരഹിത പച്ചക്കറി ചന്ത, ജൈവ കീടനാശിനി നിർമാണ പരിശീലനം, പച്ചക്കറി നടീൽ വസ്‌തു നിർമാണ പരിശീലനം എന്നിവയും സംഘടിപ്പിച്ചു.

കൃഷിഭവന്റെ സഹായത്തോടെ ബാങ്ക്‌ കെട്ടിടത്തിൽ ഫാർമേഴ്സ് ക്ലബ്‌ ഇക്കോ ഷോപ്പും നടത്തുന്നു. കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറിയും ഇതിലൂടെ ലഭിക്കുന്നു. ക്ലബ്ബിൽ 25 അംഗങ്ങളാണുള്ളത്‌. കെ കുഞ്ഞിരമാൻ പ്രസിഡന്റും കാനാ ഗോവിന്ദൻ സെക്രട്ടറിയുമാണ്‌. ബാങ്ക്‌ പ്രസിഡന്റ്‌ കെ നാരായണനാണ്‌ ക്ലബ്ബിന്‌ മാർഗ നിർദേശം നൽകുന്നത്‌.

ഫോൺ: 9496 297617.
ഫാർമേഴ്‌സ്‌ ക്ലബ്ബിന്റെ പ്രോത്സാഹനത്തിൽ പലിയേരി കൊവ്വലിലെ 25 സെന്റിൽ പച്ചക്കറി കൃഷി ചെയ്യുന്നവരാണ്‌ എം വി കുഞ്ഞിരാമനും പി മധുവും. വെണ്ട, പയർ, വഴുതിന, പച്ചമുളക്, നാടൻ വഴുതിന, കുമ്പളം, മത്തൻ, വെള്ളരി, കൊത്തമര, തക്കാളി തുടങ്ങി 10 ഇനം പച്ചക്കറി കൃഷി ചെയ്യുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!