വർണാട്ടം ചിത്ര പ്രദര്‍ശനം തുടങ്ങി

കതിരൂർ: സംസ്ഥാനത്തെ ചിത്രകാരികളുടെ കൂട്ടായ്മയായ ‘മേരാകി’യുടെ ചിത്രകലാ പ്രദർശനം വർണാട്ടം പഞ്ചായത്ത് ആർട് ഗ്യാലറിയിൽ കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി .രാജ് അധ്യക്ഷയായി. തിരുവനന്തപുരം മുതൽ തൃശൂർ വരെ ഏഴ് ജില്ലകളിൽനിന്നുള്ള 17 ചിത്രകാരികളുടെ 22 രചനകളാണ് പ്രദർശനത്തിലുള്ളത്.
ഉത്തര കേരളത്തിന്റെ ഉത്സവകാല ദൃശ്യങ്ങളായ തെയ്യങ്ങൾ, സോപാന സംഗീതം, കണ്ണകിയുടെ ചിലമ്പ്, പ്രകൃതി ദൃശ്യങ്ങൾ, പ്രണയം തുടങ്ങിയ നിരവധി വിഷയങ്ങൾ ചിത്രങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
സന്ധ്യാ പ്രവീൺ, ഷീന വെള്ളച്ചാൽ, ഷൈനി പൊന്ന്യം, പ്രദോഷിണി പൊന്ന്യം, പൊന്ന്യം ചന്ദ്രൻ, ശശികുമാർ കെ, ടി ഭരതൻ, പൊന്ന്യം സുനിൽ, കെ എം ശിവകൃഷ്ണൻ, ശ്രീജിത്ത് ഓർക്കിഡ്, സജിത്ത് നാലാം മൈൽ എന്നിവർ പങ്കെടുത്തു. രാവിലെ 10 മുതൽ ആറുവരെ നടക്കുന്ന പ്രദർശനം ആറിന് സമാപിക്കും.