സംവിധായകൻ കെ. വിശ്വനാഥ് അന്തരിച്ച് 24 ദിവസം, ഭാര്യ ജയലക്ഷ്മിയും വിടപറഞ്ഞു

Share our post

ഹൈദരാബാദ്: മൺമറഞ്ഞ വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന്റെ ഭാര്യ ജയലക്ഷ്മി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് അന്ത്യം. കെ.വിശ്വനാഥ് അന്തരിച്ച് 24 ദിവസം പിന്നിട്ടപ്പോഴാണ് ജയലക്ഷ്മിയുടെ മരണം.

ശാരീരികമായ അസ്വസ്ഥതകളേത്തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേരാണ് ജയലക്ഷ്മിക്ക് ആദരാഞ്ജലികളുമായി എത്തിയത്. ജയലക്ഷ്മിയുടെ അസുഖവിവരമറിഞ്ഞ് ഏതാനും ദിവസങ്ങൾക്കുമുമ്പ് നടന്മാരായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവർ അവരെ സന്ദർശിച്ചിരുന്നു. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവരാണ് വിശ്വനാഥിന്റെയും ജയലക്ഷ്മിയുടേയും മക്കൾ.

വാണിജ്യചിത്രങ്ങൾക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തിൽ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ് കെ. വിശ്വനാഥ്. അമ്പതിൽപ്പരംചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു.

ഇന്ത്യൻ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡുകൾ, ഒരു ബോളിവുഡ് ഫിലിംഫെയർ അവാർഡ് തുടങ്ങിയവ ലഭിച്ചു. തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.

1992-ൽ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാർഡ് നൽകി ആദരിച്ചു. തെലുങ്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പെഡപുലിവാറുവിൽ കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930-ലാണ് വിശ്വനാഥ് ജനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!