കണ്ണൂരിൽ സ്ത്രീകൾ പെരുവഴിയിലാകില്ല; ഒരുങ്ങി ഷീ ലോഡ്ജ്

Share our post

കണ്ണൂർ: ടൗണിലെത്തുന്ന സ്ത്രീകൾക്ക് ​ കുറഞ്ഞ നിരക്കിൽ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ കോർപ്പറേഷന്റെ കീഴിലുള്ള ഷീ ലോഡ്ജ് നിർമ്മാണം പൂർത്തിയായി. ലോഡ്ജ് രണ്ടാഴ്ച്ചയ്ക്കകം സ്ത്രീകൾക്കായി തുറന്നുകൊടുക്കും.നഗരത്തിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും മാസവാടകയ്ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ ഒരുക്കുക.

കാൽടെക്സ് ഗാന്ധിസർക്കിളിനടുത്തുള്ള പെട്രോൾ പമ്പിന് പിറകുവശത്താണ് ഷീ ലോഡ്ജ് കെട്ടിടം.നഗരത്തിൽ ജോലിക്കും പഠനത്തിനുമായെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞനിരകിൽ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപ്പറേഷൻ ഷീലോഡ്ജ് സൗകര്യം ഒരുക്കുന്നത്. ഇതിനുപുറമെ രാത്രിയിൽ ടൗണിലെത്തുന്ന സ്ത്രീകൾക്കും താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കും.

നിലവിൽ കോർപ്പറേഷന്റെ കീഴിൽ താവക്കരയിലും വനിത ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേഷ​ന്റെ 101 ദിന കർമ പരിപാടികളിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനായി നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ഷീ ലോഡ്ജിനായി സംവിധാനം ഒരുക്കുന്നത്. വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ ​പ്രവർത്തനങ്ങൾക്ക് 75 ലക്ഷമാണ് കോർപ്പറേഷൻ അനുവദിച്ചത്.

വിദ്യാർത്ഥിനികൾക്ക് മാസ വാടക 1500 രൂപ
ജോലിചെയ്യുന്ന മുതിർന്ന വനിതകൾക്ക് 3000 രൂപയാണ് മാസ വാടക. വിദ്യാർത്ഥിനികൾക്ക് 1500 രൂപയും. ഡോർമെറ്ററി സംവിധാനത്തിലുള്ളതാണ് താമസ സൗകര്യം. ഇതിനുപുറമെ മെസ് സൗകര്യവും ലഭ്യമാകും. 35 ബെഡുകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പെട്ടെന്നുള്ള ആവശ്യത്തിന് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ഒറ്റ ദിവസം താമസിക്കാൻ കുറച്ച് ബെഡുകൾ നീക്കിവെക്കും.

പ്രവൃത്തിയെല്ലാം പൂർത്തിയാക്കിയ ഷീ ലോഡ്ജ് രണ്ടാഴ്ച്ചയ്ക്കകം തുറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടത്തിപ്പുകാരേ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ മാത്രമാണുള്ളത്. ഇതും തുടങ്ങിക്കഴിഞ്ഞു.

താമസ, ഭക്ഷണ സൗകര്യത്തിന് പുറമെ ഫിറ്റ്നസ് കേന്ദ്രവും ഇവിടെ സജ്ജീകരിക്കും. എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ഒരു നിശ്ചിത ഫീസ് നൽകി ഫിറ്റ്നസ് കേന്ദ്രത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്താം.അഡ്വ. പി. ഇന്ദിര (ചെയർപേഴ്സൻ, പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!