വിമർശകരേ വരൂ, കാണൂ ഈ വനിതാ സംരംഭം

പയ്യന്നൂർ: വിമർശകരേ, ഇതാ വന്ന് കണ്ണ് തുറന്നുകാണുക. 13 വനിതകൾ ഉൾപ്പെടെ 15 പേർക്ക് തൊഴിൽ നൽകുന്ന മലബാർ കോക്കനട്ട് പ്രൊഡക്ട്‌സ് എന്ന ഈ സ്ഥാപനം. സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കരിവെള്ളൂർ–-പെരളം പഞ്ചായത്തിലെ കൊഴുമ്മലിൽ ‘ടി കെ നാരായണൻ മാസ്‌റ്റർ ഇന്റഗ്രേറ്റഡ് കോക്കനട്ട് കോംപ്ലക്‌സിൽ’ ആരംഭിച്ച വനിതാ സംരംഭം പ്രോജക്‌ട് ആരംഭിക്കാൻ തീരുമാനിച്ച് ബന്ധപ്പെട്ടവരെ സമീപിക്കേണ്ടുന്ന കാലതാമസം മാത്രമേ ഉണ്ടായുള്ളൂ.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഓരോ വകുപ്പിൽനിന്ന് ലഭ്യമാകേണ്ട സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും വളരെ വേഗത്തിൽ ലഭ്യമായി. പ്രൊജക്‌ട് റിപ്പോർട്ട് സമർപ്പിച്ച് 14 ദിവസത്തിനകമാണ് എസ്ബിഐ ഒരു കോടി രൂപ വായ്‌പ അനുവദിച്ചത്. 2021 ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ കെട്ടിട നിർമാണം തുടങ്ങി. 2022 ഏപ്രിലിൽ പരീക്ഷണാടിസ്ഥാത്തിൽ ഉൽപ്പാദനം തുടങ്ങി. 2022 ഒക്‌ടോബറിൽ അന്നത്തെ തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു.
നാളികേരത്തിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങളായ തേങ്ങാപ്പാൽ ക്രീം, തേങ്ങാപ്പാൽ, വർജിൻ വെളിച്ചെണ്ണ, ഡേഡിക്കേറ്റഡ് തേങ്ങാപ്പൊടി, കോക്കനട്ട് ചിപ്‌സ് എന്നിവ ഉൽപ്പാദിപ്പിച്ച് വിതരണം തുടങ്ങി. അധികൃതരിൽനിന്നും ഉപഭോക്താക്കളിൽനിന്നും മികച്ച പിന്തുണ ലഭിച്ച് പ്രവർത്തിക്കുന്നു. “മലബാർ ഹായ്കോ’ എന്ന പേരിലാണ് ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാക്കുന്നത്.
കർഷകരിൽനിന്ന് മാർക്കറ്റ് വിലയേക്കാൾ രണ്ടും മൂന്നും രൂപവരെ അധികം നൽകി നേരിട്ടാണ് തേങ്ങ ശേഖരിക്കുന്നതെന്നും കർഷകരില്ലാതെ നാടില്ല എന്ന തത്വമാണ് തങ്ങളുടേതെന്നും സ്ഥാപനം വിപുലീകരിക്കുന്നതിനുള്ള ആലോചനകർ നടന്നു വരികയാണെന്ന് സ്ഥാപനത്തിന്റെ മാനേജിങ് പാർടണർ എ വി ഹൈമവതി പറഞ്ഞു.
കേരളത്തിൽ വ്യവസായ സംരംഭകർക്ക് സുവർണ കാലഘട്ടമാണെന്ന് സിഇഒ പി ജയരാജൻ അഭിപ്രായപ്പെട്ടു. എല്ലാതരത്തിലുമുള്ള സഹകരണമാണ് സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പറഞ്ഞു.