ഹൃദയത്തിൽ പതിയും ഈ മനോഹര ചിത്രങ്ങൾ

ചെറുവത്തൂർ: ഒരിക്കൽ ഉപേക്ഷിച്ച ചായവും ബ്രഷും കൈയിലെടുത്തപ്പോൾ അതിനുള്ള അംഗീകാരമായി ആ വിളിയെത്തി. ചെറുവത്തൂർ കൊവ്വലിലെ പി മനോജ് കുമാറിനെ തേടിയാണ് നടൻ മോഹൻലാലിന്റെ കമ്പനിയായ ആശിർവാദ് ഫിലിംസിൽ നിന്നുള്ള വിളിയെത്തിയത്. മനോജ് വരച്ച മോഹൻലാൽ ചിത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു വിളി.
ചെറുവത്തൂരിൽ ‘ടച്ച് ’ എന്നപേരിൽ ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനം നടത്തുന്ന മനോജ് വീട്ടിൽനിന്നും വീണ് കാലുപൊട്ടി വിശ്രമത്തിലായിരുന്നു. വിശ്രമ വേളയിലാണ് ചിത്രകലയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ജൻമസിദ്ധമായ കഴിവുകൾ വിരൽത്തുമ്പിൽനിന്നും മാഞ്ഞുപോയിരുന്നില്ല എന്നത് വിശ്രമ വേളയിൽ വരച്ചുതീർത്ത ചിത്രങ്ങൾ പറയും. മോഹൻലാൽ, മമ്മൂട്ടി എന്നുവേണ്ട മനസിൽ തോന്നിയ ചിത്രങ്ങളോരോന്നായി കാൻവാസിൽ തുടിച്ചു. വരയുടെ ലോകം മനോജിന്റെ വയ്യായ്‌കയുടെ വേദനക്കുള്ള സംഹാരിയായി.
വരച്ച മോഹൻലാൽ ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചു. ഇതെതുടർന്നാണ് കമ്പനിയിൽനിന്നും വിളിയെത്തിയത്. ചെറുപ്പം മുതൽ വരയിൽ കഴിവ് തെളിയിച്ച മനോജ് ജീവിതോപാധിയായി ഫ്‌ളക്‌സ് പ്രിന്റിങ് മേഖല തെരഞ്ഞെടുക്കുകയായിരുന്നു. തിരക്കിനിടെ കഴിവുകൾ പകർത്താനുളള സമയം ലഭിച്ചില്ല. ഭാര്യ സംഗീതയും മക്കളായ ആദിത്യനും അഥീനയുമായിരുന്നു സഹായികൾ.
സ്‌കൂൾ പഠനകാലത്ത് കഴിവുകൾ തിരിച്ചറിഞ്ഞ് വരയിലേക്കെത്തിച്ച പ്രമോദ് അടുത്തിലയെന്ന അധ്യാപകനെ സ്‌നേഹത്തോടെ ഓർക്കുകയാണ് മനോജ്. ചെറുവത്തൂരിലെ മണിയറ കുഞ്ഞിരാമന്റെയും സി.പി.ഐ. എം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറിയുമായ പി. പത്‌മിനിയുടെയും മകനാണ്.