അവസരം തുറന്ന് നോളജ് ഇക്കണോമി മിഷൻ; അലയേണ്ട തൊഴിലുണ്ട്

കണ്ണൂർ: ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്താകെ തൊഴിൽ കണ്ടെത്തിയത് 12,418 പേർ. ജില്ലയിൽ മാത്രം ആയിരത്തിലധികം പേരാണ് ഇതുവഴി തൊഴിൽ കണ്ടെത്തിയത്. ജോലിയിൽനിന്നും പാതിവഴിയിൽ വിട്ടുപോയവർക്കും അനുയോജ്യമായ ജോലിയേതാണെന്ന് തിരിച്ചറിയാത്തവർക്കുമായി നോളജ് ഇക്കണോമി മിഷനാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.
തൊഴിൽദാതാക്കളെയും തൊഴിൽ തേടുന്നവരെയും ഒരേ പ്ലാറ്റ്‌ഫോമിൽ കൂട്ടിച്ചേർക്കുകയാണ് ഡിഡബ്ല്യുഎംഎസ്. കുടുംബശ്രീയുമായി ചേർന്നാണ് നോളജ് ഇക്കണോമി മിഷൻ പ്രവർത്തനം. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിനിലൂടെ ജോലിയില്ലാത്തവരെ സർവേയിലൂടെ കണ്ടെത്തി. തൊഴിൽസഭകൾ വഴി പ്ലാറ്റ്‌ഫോമിലേക്ക് ജോലി അന്വേഷിക്കുന്നവരെയെല്ലാം നോളജ് ക്ലബ്ബുകൾ രൂപീകരിച്ച് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു.
കുടുംബശ്രീ സിഡിഎസിന് കീഴിലുള്ള കമ്യൂണിറ്റി അംബാസഡറാണ് വിവരങ്ങളെല്ലാം നൽകുന്നത്. സ്‌ത്രീകളെ അംഗങ്ങളാക്കി തൊഴിൽ ക്ലബ് യൂണിറ്റുകൾ രൂപീകരിച്ചു. 37 യൂണിറ്റുകളിലായി ജില്ലയിൽ രണ്ടായിരത്തിലധികം സ്‌ത്രീകൾ അംഗങ്ങളായിട്ടുണ്ട്.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, എ. പി .ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല, ഐസിടി അക്കാദമി കേരള, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കേയ്സ്), അഡ്വാൻസ്ഡ് സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് നൈപുണി പരിശീലനം നൽകുന്നത്. 22 ബാച്ചുകളിലായി 750 പേർക്ക് പരിശീലനം നൽകി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഐ.ടി.ഐകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നോളജ് ജോബ് യൂണിറ്റുകൾ രൂപീകരിച്ച് കരിയർ ഗൈഡൻസ് ക്ലാസുകളും നൈപുണി പരിശീലനവും നൽകുന്നുണ്ട്. knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌തശേഷം ഇതേ പ്ലാറ്റ്‌ഫോം വഴി നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ സ്വയം മെച്ചപ്പെടാനും നൈപുണി വർധിപ്പിക്കാനും അവസരമുണ്ട്.
ജില്ലാ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനുമായി ചേർന്ന് സ്‌ത്രീകൾക്കായി തൊഴിൽമേള നടത്തി. പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്‌തു. 911 പേർ ജോലിക്കായി ഷോർട്‌ലിസ്‌റ്റിൽ ഇടംനേടി. 65 കമ്പനി നേരിട്ടും 21 കമ്പനികൾ ഓൺലൈനായും മേളയിൽ പങ്കെടുത്തു.