കുട്ടികളുടെ നഗ്നത പ്രചരിപ്പിച്ച 12 പേർ അറസ്റ്റിൽ; 270 ഉപകരണങ്ങൾ പിടിച്ചെടുത്തു, 142 കേസ്

Share our post

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ റെയ്ഡിൽ 12 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവർ ​​ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്ന ഉയർന്ന പ്രഫഷനലുകളാണെന്ന് പൊലീസ് അറിയിച്ചു. 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇവർ വ്യാപകമായി പ്രചരിപ്പിച്ചത്.

ജില്ലാ എസ്.പിമാരുടെ മേൽനോട്ടത്തിലാണ് ഇന്ന​ലെ രാവിലെ മുതൽ സംസ്ഥാനത്തുടനീളം ഒരേസമയം റെയ്ഡുകൾ നടത്തിയത്. ആകെ 142 കേസുകൾ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്‌കുകൾ, മെമ്മറി കാർഡുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി 270 ഉപകരണങ്ങൾ വിവിധ സ്ഥലങ്ങളിൽനിന്നായി പിടിച്ചെടുത്തു.

വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും എൻക്രിപ്റ്റ് ചെയ്ത ഹാൻഡിലുകളാണ് സംഘം ഉപയോഗിക്കുന്നത്. കുട്ടികളെ ലൈംഗികാവശ്യത്തിന് കടത്തുന്നതായും സംശയമുണ്ടെന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിലെ നിരവധി ചാറ്റുകൾ പരിശോധിച്ച പൊലീസ് പറഞ്ഞു.

ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റുള്ളവരുടെ വിശദാംശങ്ങളും ശേഖരിച്ചുവരികയാണ്. റാക്കറ്റിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ല. കുട്ടികളുടെ ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ ചിത്രങ്ങളോ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ കുറിച്ചോ ആളുകളെ കുറിച്ചോ വിവരം ലഭിച്ചാൽ സിസിഎസ്ഇ, സൈബർഡോം, സൈബർ സെൽ എന്നിവ​രെ വിവരം അറിയിക്കണ​മെന്ന് ​സൈബർഡോം ഐ.ജി പി. പ്രകാശ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!