കരിക്ക്പാര്‍ലര്‍, വിശ്രമകേന്ദ്രങ്ങള്‍, ഫെസ്റ്റിവല്‍;പാതിരാമണല്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളയ്ക്കുന്നു

ലോകടൂറിസം ഭൂപടത്തില്‍ ഇടംനേടിയ പാതിരാമണല്‍ ദ്വീപിന്റെ വികസനസ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകുമുളയ്ക്കുന്നു. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ദ്വീപിന്റെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ചതുടങ്ങി. പാതിരാമണല്‍ ഫെസ്റ്റും സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ആലോചിക്കാനായി വ്യാഴാഴ്ച മൂന്നിന് കായിപ്പുറം ആസാദ് മെമ്മോറിയല്‍ സ്‌കൂളില്‍ യോഗം ചേരുമെന്നു പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സി.ഡി. വിശ്വനാഥന്‍ പറഞ്ഞു.
ആലപ്പുഴയുടെ ടൂറിസം സാധ്യതകള്‍ ഇപ്പോള്‍ കുട്ടനാട്ടിലും പുന്നമടയിലെ പുരവഞ്ചി സവാരിയിലുമായി ഒതുങ്ങുകയാണ്. ആലപ്പുഴമുതല്‍ അരൂക്കുറ്റിവരെനീളുന്ന കായല്‍പ്രദേശത്തിനുള്ളില്‍ ചെറുതും വലുതുമായ 18 ഓളം ദ്വീപുകളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാതിരാമണല്‍.
വന്‍കിട പദ്ധതികള്‍ ഇല്ലെങ്കിലും സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും. കരിക്ക് പാര്‍ലറുകളും വിശ്രമകേന്ദ്രങ്ങളും ലഘുഭക്ഷണശാലകളും പോലീസ് എയ്ഡ് പോസ്റ്റും ഒരുക്കിയാല്‍ കൂടുതല്‍പേരെ ആകര്‍ഷിക്കാനാകും.
നിലവില്‍ ധാരാളംപേര്‍ ദ്വീപിലെത്തുന്നുണ്ടെങ്കിലും കുടിവെള്ളംപോലും പുറത്തുനിന്നു കൊണ്ടുവരേണ്ട സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് അഞ്ചരക്കോടിയുടെ വികസനപദ്ധതിക്കു തുടക്കമിട്ടിരുന്നു. എന്നാല്‍, ഫലം കണ്ടില്ല. അന്നു നിര്‍മിച്ച നടപ്പാത മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.
ജലഗതാഗതവകുപ്പ് മുഹമ്മ ബോട്ടുജെട്ടിയില്‍നിന്ന് പാതിരാമണല്‍ ദ്വീപിനെ ബന്ധിപ്പിച്ച് പ്രത്യേക ബോട്ടുസര്‍വീസ് നടത്തുന്നുണ്ട്. ദ്വീപിലേക്കുള്ള മുഖ്യപ്രവേശനകവാടമായ കായിപ്പുറം ജെട്ടിവരെയുണ്ടായിരുന്ന ബസ്‌സര്‍വീസും ഇപ്പോഴില്ല.
പാതിരാമണല്‍
ആലപ്പുഴ ജില്ലയില്‍ മുഹമ്മ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണല്‍. കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളും ചേര്‍ന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിയ്ക്ക് 50 ഏക്കറോളം വിസ്തൃതിയുണ്ട്. അനന്തപത്മനാഭന്‍ തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. മുഹമ്മ ജെട്ടിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ പാതിരാമണലില്‍ എത്താം.
കിഴക്ക് കുമരകത്തെ ബേക്കര്‍ ബംഗ്ലാവ് ജെട്ടിയില്‍ നിന്നും ഇവിടേക്കെത്താം. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായി ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ പക്ഷി നിരീക്ഷകരുടെ പറുദീസയായി ദ്വീപിനെ മാറ്റിയിട്ടുണ്ട്.
ചേര്‍ത്തലയിലെ അന്ത്രപ്പേര്‍ കുടുംബത്തില്‍നിന്നു മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ദ്വീപ് മുഹമ്മ പഞ്ചായത്ത് പരിധിയിലാണ്.മുഹമ്മ കുമരകം ബോട്ടുയാത്രയ്ക്കിടയില്‍ വേമ്പനാട്ടുകായലിന്റെ നടുവിലായി ഈ ദ്വീപ് കാണാം. തലമുറകളായി ഈ ദ്വീപില്‍ താമസിച്ചിരുന്ന 13 കുടുംബങ്ങള്‍ക്ക് മുഹമ്മ പഞ്ചായത്തില്‍ പകരം സ്ഥലംനല്‍കിയാണ് ടൂറിസംപദ്ധതിക്കായി കൈമാറിയത്.