പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക് മരം വീണ് അപകടം

Share our post

ചെറുപുഴ: രാജഗിരിയിലെ പുതിയ ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക്, മുറിച്ചുകൊണ്ടിരുന്ന മരം വീണു. ഡ്രൈവർക്ക് പരുക്ക്. പഞ്ചായത്തംഗവും നാട്ടുകാരും നൽകിയ പരാതി അന്വേഷിക്കാനാണ് സംഘം എത്തിയത്. ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്കുമാറും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്കാണു ക്വാറിയിൽ മുറിച്ചു കൊണ്ടിരുന്ന മരം വീണത്.

ജീപ്പ് ഡ്രൈവർ മുഹമ്മദ് റിസ്‌വാൻ (26) ആണു പരുക്കേറ്റത്. റിസ്‌വാനെ ചെറുപുഴയിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്നു പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചു.ഉദ്യോഗസ്ഥരായ ടി.പി.മധു, ടി.വി.പ്രദീപ് എന്നിവരും സെക്രട്ടറിക്കൊപ്പം ജീപ്പിലുണ്ടായിരുന്നു. ഇവർ 3 പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

രാവിലെ 11.30നു രാജഗിരി പുതിയ ക്വാറിയിലാണു സംഭവം. രാവിലെ മുതൽ ക്വാറിക്കുള്ളിൽ നിന്ന് ജോലിക്കാർ മരം മുറിക്കുന്നുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രവേശനകവാടത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വാഹനങ്ങളുടെ പ്രവേശനം തടഞ്ഞിരുന്നു.

എന്നാൽ കവാടത്തിലെ യന്ത്രം മാറ്റി പഞ്ചായത്ത് വാഹനം ക്വാറിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്നു മരം വെട്ടു തൊഴിലാളികൾ പറഞ്ഞു. ഇക്കാര്യം മരംവെട്ടു തൊഴിലാളികൾ അറിഞ്ഞില്ല. മരം മുറിക്കുന്ന കാര്യം ഉദ്യോഗസ്ഥ സംഘത്തിനും അറിയില്ല.

ഇതാണു അപകടത്തിനു ഇടയാക്കിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ വരുന്ന കാര്യം തൊഴിലാളികളെ അറിയിക്കാൻ ക്വാറിയിലെ തൊഴിലാളിയെ പറഞ്ഞയച്ചു.

എന്നാൽ ഇയാൾ സ്ഥലത്ത് എത്തുന്നതിനു മുൻപ് തന്നെ ജീപ്പിനു മുകളിൽ മരം വീണിരുന്നു. താഴ്ന്ന പ്രദേശമായതിനാൽ ജീപ്പ് വരുന്നത് കാണാൻ സാധിച്ചില്ലെന്നും തൊളിലാളികൾ പറയുന്നു. നല്ല ഉയരത്തിൽ നിന്നു മരത്തിന്റെ പ്രധാന കൊമ്പ് നിലത്തു കുത്തിയതിനു ശേഷമാണു ജീപ്പിനു മേൽ പതിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!