ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; പെണ്‍കുട്ടിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

Share our post

കോഴിക്കോട്: ഒമ്പതാംക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് പെണ്‍കുട്ടിയുടെ നാട്ടുകാരനും നേരത്തേ മയക്കുമരുന്ന് വില്‍പ്പനയ്ക്ക് നടക്കാവ് പോലീസിന്റെ പിടിയിലാവുകയും ചെയ്തയാളാണ്.

കഴിഞ്ഞവര്‍ഷം ഹാഷിഷ് ഓയിലുമായിട്ടായിരുന്നു യുവാവ് അറസ്റ്റിലായത്. ഇയാളുടെ അടുത്തസുഹൃത്തായ മറ്റൊരാളെയും അന്വേഷിച്ചുവരുകയാണ്. നേരത്തേ മയക്കുമരുന്ന് കേസിലുള്‍പ്പെട്ട ഇയാളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരേയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലാണ് അന്വേഷണത്തലവന്‍.

മൂന്നുവര്‍ഷമായി പെണ്‍കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ട്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം കൂട്ടായ്മ മുഖേനയാണ് ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥിനി മയക്കുമരുന്ന് സംഘത്തിന്റെ വലയിലാവുന്നത്.

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ച മൊബൈല്‍ ഫോണ്‍ ദുരുപയോഗപ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കുന്നതും ലഹരികൈമാറ്റം നടന്നതെന്നും പെണ്‍കുട്ടി മൊഴിനല്‍കി. സ്‌കൂളിലെതന്നെ നാലു പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടുകുട്ടികള്‍ പ്‌ളസ് ടു കഴിഞ്ഞ് സ്‌കൂള്‍ വിട്ടു. മറ്റ് രണ്ടുകുട്ടികളുടെ പേര് പെണ്‍കുട്ടി അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആളാണ് കുട്ടിയെ ഗ്രൂപ്പില്‍ച്ചേര്‍ത്ത് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചത്.

പൊതുജനങ്ങളുടെ സഹകരണം വേണം -സിറ്റി പോലീസ് കമ്മിഷണര്‍

പോലീസ് മാത്രം വിചാരിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് അറുതിവരുത്താന്‍ കഴിയില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ഇത്തരം കാര്യങ്ങളില്‍ പോലീസിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ട്. വിവരങ്ങള്‍ കൈമാറുന്നതില്‍ കാര്യമായ സഹകരണമുണ്ടായാല്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നഗരത്തില്‍ ഒരുപരിധിവരെ തടയാന്‍ സാധിക്കും.

ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ കോഴിക്കോട്ടേക്ക് കൂടുതലായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!