തില്ലങ്കേരി : ചുവപ്പ് തലയിൽ കെട്ടിയതു കൊണ്ടു മാത്രം കമ്യൂണിസ്റ്റാവില്ലെന്നും മനസ്സ് ചുവപ്പാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ക്വട്ടേഷൻ – ലഹരി മാഫിയ, സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ തില്ലങ്കേരിയിൽ ചേർന്ന സിപിഎം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനസ്സ് ചുവന്നവരുടെ നാടാണ് തില്ലങ്കേരി. രക്തസാക്ഷികളുടെ നാടാണിത്. ക്വട്ടേഷൻ മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിൽ പാർട്ടിക്ക് ഒറ്റ നിലപാട് മാത്രമേയുള്ളൂ. മറിച്ചുള്ള വലുതുപക്ഷ മാധ്യമങ്ങളുടെ പ്രചാരവേല വിലപ്പോവില്ല.
മാധ്യമങ്ങൾക്ക് വിമർശിക്കാം. കമ്യൂണിസ്റ്റുകാർ തെറ്റ് പറ്റാത്തവരാണെന്നു പറയുന്നില്ല. അതു ചൂണ്ടിക്കാട്ടാം. ജനസേവകരാണെന്ന നിലയിൽ തെറ്റ് തിരുത്താൻ ഒരു മടിയുമില്ലാത്ത പ്രസ്ഥാനമാണിത്. എന്നാൽ വിമർശനം വസ്തുനിഷ്ഠവും സൃഷ്ടിപരവും ആയിരിക്കണം.
സി.പി.എം ക്വട്ടേഷനെ എതിർക്കുന്നതു പോലെ മറ്റ് ഏതെങ്കിലും പാർട്ടികൾ എതിർക്കുന്നുണ്ടോയെന്നും എം.വി.ജയരാജൻ ചോദിച്ചു. മലയാള ഭാഷയിൽ പോലും കാണാനില്ലാത്ത തെറിയഭിഷേകം ഒരു സ്ത്രീക്കെതിരെ നടത്തിയവരെ ഒറ്റപ്പെടുത്തണം. അവരുടെ ഭാഷ പോലെ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചു പ്രതികരിക്കരുത്.
നിയമത്തിന്റെ വഴിയെ സ്വീകരിക്കാവൂ. ആകാശ് തില്ലങ്കേരിയുടെ പേര് പറയാതെ എം.വി.ജയരാജൻ നിർദേശിച്ചു. പാർട്ടിക്കകത്ത് ആശയകുഴപ്പമുണ്ടാക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ടെന്നും വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസും ബിജെപിയും അടങ്ങുന്ന മുഷ്കര സംഘത്തിന്റെ ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗം പി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, എം.ഷാജർ, പി.പുരുഷോത്തമൻ, കെ.ശ്രീധരൻ, എൻ.വി.ചന്ദ്രബാബു, എം.വി.സരള, അണിയേരി ചന്ദ്രൻ, കെ.എ.ഷാജി, മുഹമ്മദ് സിറാജ്, കൈതേരി മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം: പി.ജയരാജൻ
ആകാശും കൂട്ടരും തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന നുണ പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു.
തില്ലങ്കേരിയിൽ പാർട്ടിക്ക് 37 ബ്രാഞ്ചുകളിലായി ഉള്ള 520 അംഗങ്ങളാണ് പാർട്ടിയുടെ മുഖം. തില്ലങ്കേരിയിൽ പാർട്ടിക്ക് അതിന്റേതായ പൈതൃകമുണ്ട്. എടയന്നൂരിലെ കൊലപാതകത്തിന് ശേഷം ആകാശ് ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും പാർട്ടി തള്ളി പറഞ്ഞതും പുറത്താക്കിയതുമാണ്. പലവഴിക്കു സഞ്ചരിക്കുന്നവരുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല.
സി.പി.എമ്മിന് ഒറ്റ വഴിയേയുള്ളൂ. പാർട്ടി സംരക്ഷിക്കാത്തപ്പോൾ വഴി മാറിപ്പോയെന്ന ആകാശിന്റെയും കൂട്ടരുടെയും ഫെയ്സ്ബുക് പോസ്റ്റിലെ വാചകം എടുത്തു പറഞ്ഞ് പി.ജയരാജൻ വ്യക്തമാക്കി. സിപിഎമ്മിനു തുടർഭരണം കിട്ടിയതു മുതൽ തകർക്കാൻ വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ പാർട്ടികളും ചേർന്നു തെറ്റിദ്ധാരണ പരത്തുകയാണ്. ഇ.പി.ജയരാജനും താനും അകൽച്ചയിലാണെന്ന നിലയിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണവും തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും പി.ജയരാജൻ പറഞ്ഞു.