തുഞ്ചന്‍പറമ്പില്‍ തെങ്ങും മാവും നട്ടു; എഴുത്തച്ഛന് സി. രാധാകൃഷ്ണന്റെ പ്രണാമം

തിരൂര്‍: തുഞ്ചന്‍പറമ്പില്‍ ലക്ഷദ്വീപിലെ തെങ്ങും നാടന്‍ മൂവാണ്ടന്‍മാവും നട്ട് തുഞ്ചത്തെഴുത്തച്ഛന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ പ്രണാമം. ഞായറാഴ്ച തുഞ്ചന്‍ ഉത്സവ ദേശീയ സെമിനാറിനെത്തിയപ്പോഴാണ് അദ്ദേഹം ലക്ഷദ്വീപിലെ തെങ്ങിന്‍തൈ, നാടന്‍ തെങ്ങിന്‍തൈ, നാടന്‍ മൂവാണ്ടന്‍മാവിന്‍തൈ എന്നിവ നട്ടത്.
നേരത്തേ തകഴി ശിവശങ്കരപ്പിള്ള ഇവിടെ നട്ട തെങ്ങിന്‍തൈ വളര്‍ന്നുവലുതായിട്ടുണ്ട്. മജ്‌റൂഹ് സുല്‍ത്താന്‍പുരിയും ഒ.എന്‍.വി. കുറുപ്പും നട്ട മാവും വളര്‍ന്നുവലുതായി.
പണ്ടൊരു മഹാന്‍ നട്ട ഭാഷയെന്ന മഹാവൃക്ഷത്തിന്റെ ഫലങ്ങള്‍ നാം അനുഭവിക്കുകയാണെന്ന് സി. രാധാകൃഷ്ണന്‍ പറഞ്ഞു. ‘ആ കൂട്ടത്തില്‍ നമുക്കും ചെയ്യാന്‍കഴിയുന്ന ചെറിയ സംഭാവനയാകട്ടെയെന്നു മോഹിച്ച് തൈകള്‍ നട്ടപ്പോള്‍ വലിയ കൃതാര്‍ഥത തോന്നി’.
കേരളം ഫലസമൃദ്ധമാകട്ടെ. ശതാഭിഷേകദിനത്തില്‍ തുഞ്ചന്‍പറമ്പിലെത്തി രാവിലെമുതല്‍ വൈകീട്ടുവരെ ധ്യാനിച്ചിരുന്നു. അന്ന് പറമ്പില്‍ ചില വൃക്ഷങ്ങളുടെ കുറവ് കണ്ടു. അതിനാലാണ് ഇപ്പോള്‍ തെങ്ങിന്‍തൈകളും മാവിന്‍തൈയുമായി എത്തിയതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്. വെങ്കിടാചലം, ജി.കെ. റാംമോഹന്‍, ഡോ. കെ. ശ്രീകുമാര്‍, ടി.പി. സുബ്രഹ്‌മണ്യന്‍, കമല്‍നാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു