ബസിനും ട്രെയിനിനും വേഗത അത്ര പോര; അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ 108 ആംബുലൻസ് വിളിച്ച് യുവാവിന്റെ സുഖയാത്ര, അറസ്റ്റ്

ഹരിപ്പാട്: ഡോക്ടറാണെന്ന വ്യാജേന തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയയ്ക്ക് എത്തണമെന്ന് പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ പി നിവാസിൽ അനന്തു (29) ആണ് അറസ്റ്റിലായത്.
അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചു എന്നതിന്റെ പേരിലാണ് അറസ്റ്റ്. ആസ്പത്രിയിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തണമായിരുന്നു.
ഇതിനായാണ് ന്യൂറോ സർജനാണെന്ന വ്യാജേന 108 ആംബുലൻസ് വിളിച്ചത്.അപകടത്തിൽപ്പെടുന്നവർക്ക് മാത്രമാണ് 108ന്റെ സേവനം ലഭിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ പേരും പറഞ്ഞ് അനന്തു വാശിപിടിക്കുകയായിരുന്നു.
തുടർന്ന് ആംബുലൻസ് ജീവനക്കാർ ഇയാളെ 108ൽ കയറ്റി ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.