ഇസ്രയേൽ സംഘം ബിജുവില്ലാതെ തിരിച്ചെത്തി; മേയ് എട്ടിനകം കേരളത്തിലേക്ക് മടങ്ങിയില്ലെങ്കിൽ കർശന നടപടി

തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി പുറപ്പെട്ട സംഘത്തിൽ അംഗമായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ പേരട്ട കെപി മുക്ക് കോച്ചേരിൽ ബിജു കുര്യനെപ്പറ്റി (48) ഇനിയും വിവരമില്ല.
ഇസ്രയേൽ ഇന്റലിജൻസ് ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും.
കഴിഞ്ഞ 12 ന് ആണ് സംഘം ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായെന്നാണു വിവരം. ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു വാഹനത്തിൽ കയറിയില്ല.
തുടർന്ന് ഇയാളെ കാണാതാവുകയായിരുന്നു. അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്നു കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു ഭാര്യയ്ക്കു വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരൻ ബെന്നി പറഞ്ഞു. പിന്നീടു ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ബിജുവിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ പാസ്പോർട്ട് കണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ളവർ അറിയിച്ചു. വിമാനടിക്കറ്റിനുള്ള പണം ബിജു നൽകിയിരുന്നുവെങ്കിലും വീസ സർക്കാരിന്റെ അഭ്യർഥന പ്രകാരമുള്ളതാണ്.
10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണു ബിജുവിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.