ഭൂമി വിണ്ടുകീറിയതു ദുരന്ത സൂചന; അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് പൗരാവകാശ സമിതി

Share our post

കരുവഞ്ചാൽ : പാത്തൻപാറ ക്വാറിയോടു ചേർന്നു ഭൂമി വിണ്ടുകീറിയതു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ആണെന്നും അതിനാൽ ഈ ക്വാറിയുടെയും സമീപത്തുള്ള മറ്റു ക്വാറികളുടെയും പ്രവർത്തനം നിർത്തുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആലക്കോട് പൗരാവകാശ സമിതി പ്രവർത്തകരായ കെ.സി.ലക്ഷ്മണൻ, ബെന്നി മുട്ടത്തിൽ, നോബിൾ എം.പൈകട എന്നിവർ ആവശ്യപ്പെട്ടു.

ഇപ്പോൾ ഭൂമിയിലുണ്ടായ വിള്ളലിലൂടെ മഴക്കാലത്തു വെള്ളം ഊർന്നിറങ്ങി ഉരുൾപൊട്ടൽ പോലുള്ള കെടുതികൾ ഉണ്ടായേക്കും.

ഇതിനു താഴെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങൾ ഭീതിയിൽ കഴിയുകയാണ്. സാങ്കേതിക വൈദഗ്ധ്യവും ശാസ്ത്രീയ ജ്ഞാനവും ഇല്ലെന്ന പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ പിരിച്ചുവിട്ട ജില്ലാതല പാരിസ്ഥിതിക ആഘാത അതോറിറ്റിയാണ് ക്വാറിക്ക് അനുമതി നൽകിയത്.

ജില്ലാതല സമിതി അപേക്ഷ പരിഗണിക്കുമ്പോൾ തന്നെ പ്രദേശത്തിന്റെ ദുരന്ത സാധ്യത മുൻനിർത്തി ക്വാറിക്ക് അനുമതി നൽകരുതെന്ന് വിവിധ സംഘടനകൾ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർക്കു പരാതി നൽകിയിരുന്നു.

അതിതീവ്ര ദുരന്ത സാധ്യതാ പ്രദേശത്തോടു ചേർന്ന് മോഡറേറ്റ് സോണിലാണ് ഈ ക്വാറി പ്രവർത്തിക്കുന്നത്. സോയിൽ പൈപ്പുകളുടെ സാന്നിധ്യം വൻതോതിൽ ഉള്ള മേഖല കൂടിയാണിത്. ഇതിനിടെ ഇവിടെ 2 തവണ ഉരുൾപൊട്ടലുണ്ടായി. തുടർന്ന് നാട്ടുകാർ വീണ്ടും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുപുറമെ പ്രദേശത്തു ശുദ്ധജലക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി.

ക്വാറിയുടെ പരിസരത്തുള്ള ഉറവകളിലൂടെ ക്വാറിയിലെ സ്ഫോടക അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം താഴെയുള്ള കിണറുകളിലേക്ക് ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.

ജലസമൃദ്ധിയുണ്ടായിരുന്ന പാത്തൻപാറ മേഖലയിൽ ഒടുവിൽ പഞ്ചായത്തിനു ശുദ്ധജലം വിതരണം ചെയ്യേണ്ട അവസ്ഥയുണ്ടായി. മേഖലയിലെ 3 ക്വാറികളും അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മാസങ്ങൾ നീണ്ടുനിന്ന സത്യഗ്രഹം നടത്തിയെങ്കിലും അധികൃതരുടെ കണ്ണു തുറപ്പിക്കാൻ ആയില്ലെന്നും അവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!