സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതിനു വിലക്ക്
        തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതിനും യുട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും വിലക്ക്.
യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ് ലോഡ് ചെയ്യുന്നതും അതു കാണുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കും എന്നതിനാൽ ചട്ട വിരുദ്ധമാണെന്ന് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാരുടെ 1960ലെ പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിനു പുറമേ മറ്റു വരുമാനം പാടില്ല. ഇന്റർനെറ്റിലോ സമൂഹ മാധ്യമത്തിലോ വിഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നതു വ്യക്തിഗത പ്രവർത്തനമായും ക്രിയാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോ അപ്‍ലോഡ് ചെയ്യുന്നതും വരുമാനം ലഭിക്കുന്ന കാര്യമാണ്.
യുട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി ഫയർഫോഴ്‌സ് ജീവനക്കാരൻ നൽകിയ അപേക്ഷ തള്ളിയാണു സർക്കാർ ഉത്തരവിറക്കിയത്.
