മരിക്കുന്നതിന് മുൻപ് വിശ്വനാഥനുമായി സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു; പോലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് കൽപ്പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയൽ കോളനിയിൽ വിശ്വനാഥനെ (46) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പോലീസ് ചോദ്യം ചെയ്യുന്നു. മരിക്കുന്നതിന് മുൻപ് വിശ്വനാഥനുമായി സംസാരിച്ച ആറു പേരെയാണ് ചോദ്യം ചെയ്യുന്നത്. വിശ്വനാഥനെ തടഞ്ഞുവച്ചവരല്ല ഇവരെന്നാണ് വിവരം.
വിശ്വനാഥനെ തടഞ്ഞുവച്ച സമയം ആസ്പത്രിയിലുണ്ടായിരുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.വിശ്വനാഥൻ മരിച്ച ദിവസം ധരിച്ചിരുന്ന ഷർട്ട് ഇന്നലെ കണ്ടെത്തിയിരുന്നു. കുറച്ച് നാണയത്തുട്ടുകളും ഒരു കെട്ട് മുറുക്കാനും സിഗരറ്റും തീപ്പെട്ടിയുമാണ് ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നത്. ഷർട്ടിന്റെ ശാസ്ത്രീയ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.
അതേസമയം, വിശ്വനാഥനെ ആൾക്കൂട്ടം ആശുപത്രി പരിസരത്ത് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും ഇവരെ തിരിച്ചറിയാനായിട്ടില്ല. റീ പോസ്റ്റ് മോർട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയതായി എ സി പി കെ സുദർശൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേസിൽ വിശ്വനാഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതായും എ .സി .പി അറിയിച്ചു.വിശ്വനാഥന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്നും മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു.
ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ വിശ്വനാഥനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം വിശ്വനാഥനെ മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടത്.