അണ്ടലൂരിൽ തിരുമുടിയുയർന്നു ഇനി ആഹ്ലാദത്തിന്റെ നാളുകൾ

Share our post

ധർമ്മടം: ആയിരങ്ങളെ സാക്ഷിനിർത്തി അണ്ടലൂർക്കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടിയുയർന്നു. ബുധനാഴ്ച രാത്രി എട്ടരയോടെ ദൈവത്താർ തറയിൽ വില്ലുകാരുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു തിരുമുടിയേറ്റം. തുടർന്ന് ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ ക്ഷേത്രപ്രദക്ഷിണം നടന്നു.

രാമായണത്തെ ആസ്പദമാക്കിയുള്ള കെട്ടിയാട്ടങ്ങളാണ് അണ്ടലൂരിലേത്. മേലേക്കാവെന്ന അയോധ്യയിലും താഴെക്കാവെന്ന ലങ്കയിലുമായാണ് ഉത്സവച്ചടങ്ങുകൾ. മേലേക്കാവിൽനിന്ന്‌ മൂന്ന് തെയ്യങ്ങളും തിരുമുടിയണിഞ്ഞശേഷം കുളുത്താറ്റിയവരുടെ (വാനരസേന)അകമ്പടിയോടെ താഴെക്കാവിലേക്ക്‌ പോയി ആട്ടം നടത്തി തിരികെ എഴുന്നെള്ളുന്നതോടെയാണ് ഓരോദിവസത്തെയും ഉത്സവം സമാപിക്കുന്നത്. പുലർച്ചെയാണ്‌ വെടിക്കെട്ട്‌.

വെള്ളിയാഴ്ച പുലർച്ചെ സീതയും മക്കളും (അതിരാളവും മക്കളും) കെട്ടിയാടിയതോടെയാണ് കെട്ടിയാട്ടത്തിന് തുടക്കമായത്. പകൽ മൂന്നോടെ മേലേക്കാവിൽ ബാലിയും സുഗ്രീവനും ബപ്പൂരനും അരങ്ങേറി. തുടർന്ന്‌ തൂവ്വക്കാരി, മലക്കാരി, പൊന്മകൻ, പുതുച്ചേകോൻ, നാഗഭഗവതി, നാഗകണ്ഠൻ, വേട്ടക്കൊരുമകൻ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി.

ശനിയാഴ്ച പുലർച്ചെ പാലയാട് ദേശവാസികളുടെ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ദൈവത്താറിന്റെ താഴെക്കാവിൽനിന്നുള്ള തിരിച്ചെഴുന്നള്ളത്ത്. ശ്രീരാമൻ രാവണനിഗ്രഹത്തിനുശേഷം സീതയെ വീണ്ടെടുത്തതിന്റെ ആഹ്ലാദസൂചകമാണ്‌ വെടിക്കെട്ട്‌. ചൊവ്വാഴ്ച പുലർച്ചെ ദൈവത്താറിന്റെ തിരുമുടി അറയിൽ തിരിച്ചുവയ്‌ക്കുന്നതോടെ ഉത്സവത്തിന്‌ കൊടിയിറങ്ങും. ഉത്സവം തുടങ്ങിയതോടെ അണ്ടലൂരിലെ വീടുകൾ അതിഥി സൽക്കാരത്തിന്റെ തിരക്കിലാണ്. അവലും മലരും ചിരകിയ തേങ്ങയും പഴവുമാണ് വിരുന്നുകാർക്കുള്ള പ്രധാന വിഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!