പൈപ്പിട്ട ഭൂമിയിലും പച്ചക്കറി കൃഷി ; നഷ്ട പരിഹാരത്തിൽ കേരള മാതൃക

Share our post

കണ്ണൂർ: മികച്ച നഷ്ടപരിഹാരത്തുക നൽകിയാണ്‌ സംസ്ഥാനത്ത്‌ ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോകുന്ന വഴിയിൽ സ്ഥലമെടുത്തത്‌. മറ്റുസംസ്ഥാനങ്ങളിലേതിനേക്കാൾ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ഏറെക്കാലം മുടങ്ങിനിന്ന പദ്ധതിക്ക്‌ എൽ.ഡി.എഫ്‌ സർക്കാരിന്റെ നിശ്‌ചയദാർഢ്യത്തോടെയുള്ള നടപടികളാണ്‌ ജീവൻ നൽകിയത്‌. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയായിരുന്നു സ്ഥലമെടുപ്പ്‌.

മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണ് പൈപ്പിടാൻ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പൈപ്പിടാൻ 10 മീറ്ററാണ്‌ ഉപയോഗിച്ചത്‌. ബാക്കി പത്തുമീറ്ററിൽ വീട്‌ നിർമാണത്തിന്‌ അനുമതി നൽകിയിട്ടുണ്ട്‌. പത്തു സെന്റിൽ താഴെ ഭൂമിയുള്ളവർക്കും ഏറ്റെടുത്ത ഭൂമിയിൽ വീട് വയ്ക്കാൻ സൗകര്യം നൽകി. അവർക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നൽകിയിരുന്നു.

വിളകൾക്കുള്ള നഷ്ടപരിഹാരവും സംസ്ഥാനത്ത്‌ മറ്റിടങ്ങളിലേതിനേക്കാൾ ഉയർത്തിയാണ്‌ നൽകിയത്‌. പൈപ്പ്‌ കടന്നുപോകുന്ന സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും മറ്റും വ്യാപകമായി ചെയ്യുന്നുമുണ്ട്‌.
24 ഇഞ്ച്‌ വ്യാസമുള്ള കാർബൺ സ്‌റ്റീൽ പൈപ്പാണ്‌ ഗെയിൽ മെയിൻ ലൈനിൽ. സുരക്ഷയ്‌ക്ക്‌ മുൻതൂക്കം നൽകിയാണ്‌ പൈപ്പ്‌ ലൈനുകളുടെ പ്രവൃത്തി പൂർത്തീകരിച്ചത്‌.

ക്ലാസ്‌ 2 മതിയെങ്കിലും കേരളത്തിലെ ജനസാന്ദ്രതയും മറ്റും കണക്കിലെടുത്ത്‌ ക്ലാസ്‌ 3 പൈപ്പ്‌ ലൈനുകളാണിട്ടത്‌. പുഴയും റോഡും മറ്റുമുള്ള സ്ഥലങ്ങളിൽ ക്ലാസ്‌ 4 പൈപ്പുകളും ഉപയോഗിച്ചു. സാധാരണ സ്ഥലങ്ങളിൽ ഒരുമീറ്റർ ആഴത്തിലൂടെയാണ്‌ പ്രധാന പൈപ്പ്‌ കടന്നുപോകുന്നതെങ്കിൽ റോഡ്‌ മുറിച്ച കടക്കുന്നയിടങ്ങളിൽ അത്‌ മൂന്ന്‌ മുതൽ അഞ്ചുവരെ മീറ്റർ ആഴത്തിൽ വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!