കണ്ണൂർ: മേലെ ചൊവ്വയിൽ അടിപ്പാത പണിയാനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം മേൽപാലം പണിയാൻ സർക്കാർ ഉത്തരവിറക്കി. റോഡിനടിയിലെ പ്രധാനപ്പെട്ട ശുദ്ധജല പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് അടിപ്പാത നിർമാണം ഉപേക്ഷിക്കാൻ കാരണമായത്. വെളിയമ്പ്രയിൽ നിന്ന് കണ്ണൂർ നഗരത്തിലേക്കു വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് മേലെചൊവ്വ ജംക്‌ഷനിലൂടെയാണു ടാങ്കിലെത്തുന്നത്.
അടിപ്പാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തിനു പുറമേ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാൻ ഉദ്ദേശിച്ച സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് മേൽപാലം നിർമിക്കുക. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്കു വേണ്ടി നിലവിലെ ദേശീയപാതയ്ക്ക് ഇരുവശത്തുമായി സ്ഥലം അളന്നു തിട്ടപ്പെടുത്തി നേരത്തേ കുറ്റിയിട്ടിരുന്നു. ഇതിൽ നിന്നുള്ള കുറച്ച് സ്ഥലം കൂടി മേൽപാലം പദ്ധതിക്ക് ഉപയോഗിക്കും. പുതിയ സ്ഥലമെടുപ്പു വേണ്ടി വരില്ല.
പൈപ്പ് മാറ്റുക ബുദ്ധിമുട്ട്
പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് അടിപ്പാത നിർമിക്കാനുദ്ദേശിക്കുന്ന നിലവിലെ ദേശീയപാതയുടെ കുറുകെ അടിയിലൂടെ മേലെ ചൊവ്വയിലെ കൂറ്റൻ ജലസംഭരണിയിലേക്കുള്ള പൈപ്പ് മാറ്റാനുള്ള ബുദ്ധിമുട്ടു വ്യക്തമാകുന്നത്. പൈപ്പ് മാറ്റുന്നതിന് മാത്രം ഏറെ നാളത്തെ പ്രവൃത്തി വേണ്ടിവരും. അത്രയും കാലം നഗരത്തിനു വെള്ളം മുടങ്ങും.
അടിപ്പാത നിർമാണത്തിന് വേണ്ടി പൈപ്പ് മാറ്റിയാൽ അടിപ്പാതയുമായി ബന്ധപ്പെട്ട പ്രാരംഭ നിർമാണ പ്രവൃത്തികൾ കഴിഞ്ഞ് മാത്രമേ പുതിയ പൈപ്പ് ഇടുന്ന പ്രവൃത്തി തുടങ്ങാൻ സാധിക്കുകയുള്ളൂ. പൈപ്പ് പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലയും അടിപ്പാത നിർമിക്കുന്ന റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ തന്നെ ചെയ്യണമെന്ന് ജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
അടിപ്പാത നിർമാണ പ്രവൃത്തികൾ നടക്കുമ്പോൾ മേലെ ചൊവ്വയിലെ ഗതാഗതം ക്രമീകരിക്കുന്നതെങ്ങനെയെന്നത് റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനെയും ദേശീയപാത അധികൃതരെയും ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു. മേൽപാലം നിർമിക്കുമ്പോൾ തൂണുകളുടെ പൈലിങ് പ്രവൃത്തികളടക്കം നിലവിലെ റോഡിൽ തന്നെ ചെറിയ ക്രമീകരണം നടത്തി ചെയ്യാം. വാഹനങ്ങളെ കടത്തി വിടുകയുമാകാം. മേൽപാലം നിർമിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പാലത്തിന്റെ പ്ലാനുമായി ബന്ധപ്പെട്ട ചർച്ചകളും തുടങ്ങിയിട്ടണ്ട്.
മേലെ ചൊവ്വയുടെ കണ്ണൂർ ഭാഗം റോഡിൽ നിന്ന് തുടങ്ങി മട്ടന്നൂർ റോഡിലേക്കും തലശ്ശേരി റോഡിലേക്കും പ്രവേശിക്കുന്ന രീതിയിലായിരിക്കും മേൽപാലം എന്നാണ് അറിയാൻ കഴിയുന്നത്.കെട്ടിടങ്ങൾ, സ്ഥലം എന്നിവ ഏറ്റെടുത്ത വകയിൽ 16 കോടി രൂപ നഷ്ടപരിഹാരം നൽകി.അടിപ്പാത നിർമാണത്തിന് മാത്രം (സർവീസ് റോഡ്, മറ്റ് അനുബന്ധ നിർമാണം ഒഴികെ) ചെലവ് പ്രതീക്ഷിക്കുന്നത് 19.4 കോടി.
ഗതാഗതം കുരുങ്ങാതിരിക്കാൻ
കണ്ണൂർ നഗരത്തിൽ മുഴുവൻ സമയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ജംക്‌ഷനാണ് മട്ടന്നൂർ–തലശ്ശേരി–കണ്ണൂർ റോഡുകൾ കൂടിച്ചേരുന്ന മേലെചൊവ്വ ജംക്‌ഷൻ. ഇവിടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് 26.86 കോടി രൂപ ചെലവിൽ അടിപ്പാത പദ്ധതിക്ക് അനുമതി നൽകിയത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിച്ച അടിപ്പാതയുടെ നിർമാണ ചുമതല റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനായിരുന്നു.
ചെലവ് കുറയും
മേലെ ചൊവ്വയിൽ മേൽപാലമാണ് നിർമിക്കുന്നതെങ്കിൽ പോലും നിലവിലെ സാഹചര്യത്തിൽ ചെലവ് കൂടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കാരണം ജല സംഭരണിയിലേക്കുള്ള പൈപ്പ് മാറ്റി സ്ഥാപിക്കൽ, അതുവരെ കണ്ണൂർ നഗരത്തിനും പരിസര പ്രദേശങ്ങൾക്കും ശുദ്ധജലം നൽകാൻ ബദൽ സംവിധാനം ഏർപ്പെടുത്തൽ എന്നിവയ്ക്ക് ഭീമമായ ചെലവ് വേണ്ടിവരുമായിരുന്നു.
മേൽപാലം പദ്ധതിക്ക് വേണ്ടിവരുന്ന കൂടുതൽ സ്ഥലം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിലുള്ളതിനാൽ ചെലവ് ചുരുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 26.86 കോടി രൂപയാണ് അടിപ്പാതയ്ക്ക് അനുവദിച്ചിരുന്നതെങ്കിലും 34.6 കോടിയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.