പടിയൂരിൽ കിൻഫ്ര പാർക്ക് യാഥാർഥ്യത്തിലേക്ക്; ഭൂമിയുടെ അതിർത്തി നിർണയം 20 മുതൽ

Share our post

പടിയൂർ : 4 വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പടിയൂർ കിൻഫ്ര പാർക്ക് യാഥാർഥ്യത്തിലേക്ക്. വ്യവസായ വകുപ്പിന് കീഴിൽ പടിയൂർ പഞ്ചായത്തിലെ പടിയൂർ, കല്യാട് വില്ലേജുകളെ ഉൾപ്പെടുത്തി ലക്ഷ്യമിട്ടിട്ടുള്ള കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി നിർണയം 20 മുതൽ ആരംഭിക്കും.

പടിയൂർ വില്ലേജിലെ കുയിലൂർ, പടിയൂർ ദേശത്തും കല്യാട് വില്ലേജിലെ ഊരത്തൂർ ദേശത്തുമായി 708.59 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അളവുമായി ബന്ധപ്പെട്ട് ഭൂ ഉടമകളും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി ഇന്നലെ പടിയൂർ പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ കിൻഫ്രയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗം കാര്യങ്ങൾ വിശദീകരിച്ചു.

ആദ്യം ആകെ ഏറ്റെടുക്കുന്ന ഭൂമിയുടെ നാല് അതിരുകൾ നിർണയിക്കൽ ആണു 20 മുതൽ നടത്തുന്നത്. പൂർത്തിയാകുന്ന മുറയ്ക്ക് വ്യക്തികളുടെ ഭൂമിയുടെ അതിർത്തി നിർണയം ആരംഭിക്കും. ഏറ്റെടുക്കേണ്ട ഭൂമിയുടെ പട്ടയം ഉൾപ്പെടെയുളള പ്രമാണങ്ങൾ ഉണ്ടാക്കുന്നതിനും അതിർത്തി നിർണയം സംബന്ധിച്ച കാര്യങ്ങൾ വേഗം പൂർത്തിയാക്കുന്നതിനും അളവ് നടത്തുന്നതിനും ഭൂ ഉടമകൾ സഹകരിക്കണം.

ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തുണ്ടാകുന്ന സാമൂഹികാഘാത പഠനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്‌മെന്റ് നേരത്തേ പൂർത്തിയാക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തതാണ്.

250 ഏക്കർ ഭൂമി കല്യാട് വില്ലേജിലും 458. 59 ഏക്കർ ഭൂമി പടിയൂർ വില്ലേജിലുമാണു ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം 2019ൽ ആണ് ഉണ്ടായത്. വിജ്ഞാപനം വന്ന തീയതിക്കു 3 വർഷം മുൻപ് മേഖലയിൽ നടന്ന ക്രയ-വിക്രയങ്ങളുടെ മതിപ്പ് വിലയുടെ ശരാശരി കണക്കാക്കി ഭൂ ഉടമകളിൽ നിന്നും നേരിട്ട് ഏറ്റെടുക്കുന്ന രീതിയാണു നടപ്പാക്കുക. പ്രദേശത്തെ റോഡുള്ളതും ഇല്ലാത്തതുമായ മേഖലകളാക്കി തിരിച്ചും കാർഷിക വിളകളിൽ നിന്നുള്ള ആദായവും മറ്റും കണക്കാക്കിയാണ് വില നിശ്ചയം.

ഏറ്റെടുക്കുന്ന ഭൂമി ജനവാസം തീരെ കുറഞ്ഞ മേഖലയാണ്. 700 ഏക്കറിനുള്ളിൽ 20ൽ താഴെ വീടുകൾ മാത്രമാണ് ഉൾപ്പെടുന്നത്. പടിയൂർ വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമി സംസ്ഥാന ഹൈവേയോടും പഴശ്ശി പദ്ധതി പ്രദേശത്തോടും ചേർന്ന പ്രദേശമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി പ്രദേശം എന്ന നിലയിലും വെള്ളം യഥേഷ്ടം ലഭിക്കുമെന്നതിനാലും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോടു ചേർന്ന പ്രദേശം എന്നതും വ്യവസായ പാർക്കിന്റെ സാധ്യത വർധിപ്പിക്കുന്നതാണ്.

ഏറ്റെടുക്കുന്ന ഭൂമിയുടെ 3ൽ 2 ഭാഗവും എസ്റ്റേറ്റ് മേഖല ആയതിനാൽ നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കിൻഫ്ര അഡ്വൈസർ വി.എം.സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി, അംഗങ്ങളായ കെ.ശോഭന, ആർ.രാജൻ, കിൻഫ്ര കോ – ഓർഡിനേറ്റർ എൻ.വി.ബാബുരാജ്, ഫീൽഡ് അസിസ്റ്റന്റ് എം.വി രാംദാസ്, പി.ഷിനോജ് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!