പെരുമ ചോരാതെ വളക്കൈ ഓലകൾ

Share our post

ശ്രീകണ്‌ഠപുരം: വേനൽക്കാലങ്ങളിൽ തളിപ്പറമ്പ്‌ –- ഇരിട്ടി റോഡിൽ വളക്കൈ പാലത്തിന്‌ സമീപത്തെ തോട്ടിൻകരയിൽ നിരനിരയായി തെങ്ങോല മെടയുന്നവർ ഇപ്പോൾ ഓർമയാണ്‌. മുമ്പ്‌ വീടുകളും സിനിമാ കൊട്ടകകളും മേയുന്നതിനാണ്‌ ഈ ഓലകളിൽ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത്‌. വീടുകളുടെ മേൽക്കൂരകളിലേക്ക്‌ ഓടും കോൺക്രീറ്റിനും മറ്റ്‌ അത്യന്താധുനിക സംവിധാനങ്ങളും ചേക്കേറിയപ്പോഴും ഓലകളുടെ പ്രാധാന്യം കുറയുന്നില്ല. കോൺക്രീറ്റ്‌ മേൽക്കൂരകളെ തണുപ്പിക്കാൻ ഓലകൾ വാങ്ങാനെത്തുന്നവരും ഏറുന്നു.

കാലം മാറിയിട്ടും വളക്കൈ ഓലകളുടെ പെരുമ ചോരുന്നില്ല. ക്ഷേത്രങ്ങൾ, തെയ്യക്കാവുകൾ എന്നിവിടങ്ങളിൽ മെടഞ്ഞ ഓല അവശ്യവസ്‌തുക്കളാണ്‌. വീടുകളിൽ മുത്തപ്പൻ കെട്ടിയാടുമ്പോൾ പതി നിർമിക്കുന്നതിനും ഓലവേണം. ബംഗളൂരു, മൈസൂരു, കുടക്‌ എന്നിവിടങ്ങളിൽനിന്നും വളക്കൈ ഓലതേടി എത്തുന്നവർ ഏറെ. ഡൽഹിയിലെ മുത്തപ്പൻ ക്ഷേത്രത്തിലേക്ക്‌ അടുത്തിടെയാണ്‌ കൊണ്ടുപോയത്‌.

ചെറുകുന്ന്‌ അന്നപൂർണേശ്വരി ക്ഷേത്രത്തിലേക്കുള്ള ഓല ഇവിടെ സ്‌റ്റോക്ക്‌ ചെയ്‌തിട്ടുണ്ട്‌. കൊട്ടിയൂർ ക്ഷേത്രത്തിലും ഉപയോഗിക്കുന്നുണ്ട്‌. ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവയുടെ ഗേറ്റുകൾ അലങ്കരിക്കാനും എടുക്കുന്നുണ്ട്‌. കാർഷിക മേഖലയിലാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. റബർ, കശുമാവ്‌, കവുങ്ങ്‌, കാപ്പി തൈകൾക്ക്‌ തണലേകുന്നതിൽ കൂടുതലും ഇവിടെയുള്ള ഓലകളാണ്‌. പശു, ആട്‌, കോഴിഫാമുകൾ നിർമിക്കാനും പ്രയോജനപ്പെടുത്തുന്നു. കുടകിലടക്കം കാപ്പി തൈകൾക്ക്‌ തണൽ പകരാനും ഉപയോഗിക്കുന്നുണ്ട്‌.

വളക്കൈ തോടിന്‌ സമീപം താമസിക്കുന്ന പി പി കമാലുദ്ദീനാണ്‌ മെടഞ്ഞ ഓല കച്ചവടം ചെയ്യുന്നത്‌. ഈ രംഗത്ത്‌ കമാലുദ്ദീൻ 20 വർഷമായി. പരമ്പരാഗതമായി കമാലുദ്ദിന്റെ കുടുംബത്തിനാണ്‌ ‘കുത്തക’. ബാപ്പ എം എറമുള്ളാനായിരുന്ന നേരത്തെ കച്ചവടം നടത്തിയത്‌. നവംബർ മുതൽ ഫെബ്രുവരിയാണ്‌ ഓലമെടയൽ കാലമെന്ന്‌ കലാമുദ്ദീൻ പറഞ്ഞു. മുമ്പ്‌ സീസണിൽ 300 പേർവരെ വളക്കൈ തോട്ടിൻകരയിലിരുന്നു ഓലമെടഞ്ഞിരുന്നതായി കമാലുദ്ദീൻ പറഞ്ഞു.

ഇപ്പോൾ വീടുകളിൽ കുടിൽ വ്യവസായം പോലെയാണ്‌ ഓലമെടയൽ. വളക്കൈ പരിസരത്തെ എൺപതോളം വീടുകളിൽനിന്നാണ്‌ ഓല മെടയിപ്പിക്കുന്നത്‌. നേരത്തെ വളക്കൈതോട്ടിലാണ്‌ ഓല കുതിർക്കാൻ ഇട്ടിരുന്നത്‌. വെള്ളം അഴുക്കാകുന്നതിനാൽ ഇപ്പോൾ ടാങ്കിലിട്ടാണ്‌ കുതിർക്കുന്നത്‌. പുൽപ്പുര മേയാൻ ഉപയോഗിക്കുന്ന ഒറ്റക്കീറ്റുള്ള ഓലകൾ അപൂർവമായി മാത്രമെ മെടയാറുള്ളൂവെന്ന്‌ ഈ രംഗത്തെ വിദഗ്‌ധനായ ദേശാഭിമാനി വളക്കൈ സ്‌റ്റോപ്പ്‌ ഏജന്റ്‌ എം കെ ശശിധരൻ പറഞ്ഞു. പേപ്പർ വിതരണത്തിന്‌ ശേഷമാണ്‌ ശശിധരൻ ഓലമെടയുന്നത്‌. വളക്കൈയിൽ ഏറ്റവും വേഗത്തിൽ ഓലമെടയുന്നവരിലൊരാളാണ്‌ ശശിധരനെന്ന്‌ കലാമുദ്ദീനും സാക്ഷ്യപ്പെടുത്തുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!