‘മുമ്പും പലതവണ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ, ഇനിയും ചെയ്തോട്ടേ, അതിൽ ഞങ്ങൾക്കെന്താ’; ശിവശങ്കറുമായി പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് എം .വി ഗോവിന്ദൻ

കണ്ണൂർ: ശിവശങ്കറും പാർട്ടിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം .വി ഗോവിന്ദൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരിയുടെ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കൊലപാതകങ്ങൾ നടക്കുമ്പോൾ എല്ലാ കാലത്തും പ്രതിപക്ഷം അതിനെ രാഷ്ട്രീയ ആയുധമാക്കാറുണ്ട്. അത് എത്രയോ കാലമായി തുടർന്നു വരുന്നതാണ്. ഞങ്ങൾക്കതിൽ ഉത്കണ്ഠ ഇല്ല. ഒളിവിലിരുന്നുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ പാർട്ടിക്കെതിരെ നടത്തുന്ന പരാമർശങ്ങളിൽ പ്രതികരിക്കാനില്ല.
അവരെ പൊലീസ് കണ്ടെത്തിക്കോളും. ഇപ്പോൾ സി.ബി.ഐ കൂട്ടിലിട്ട തത്തയാണെന്ന് കുറേക്കൂടി തെളിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് സിബിഐ അന്വേഷണത്തെ എതിർത്തത്. പിന്നെ ശിവശങ്കറിനെ ഇതിന് മുമ്പും പല തവണ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ, അറസ്റ്റ് ചെയ്തോട്ടെ, അതിൽ ഞങ്ങൾക്കെന്താ ഇപ്പോൾ പ്രശ്നം.
ശിവശങ്കറും ഞങ്ങളും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് മാത്രം, അത് രാഷ്ട്രീയമാണ്. ‘- എം വി ഗോവിന്ദൻ പറഞ്ഞു.