ആരംഭിച്ചത് അപകടം കുറയ്ക്കാന്‍, നടക്കുന്നത് പിഴപ്പിരിവ് മാത്രം; ട്രാക് തെറ്റി സേഫ് കേരള

ഒരു വാഹനംപോലും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാതെ ശബരിമല പാതകള്‍ അപകടവിമുക്തമാക്കിയത് മാതൃകയാക്കി തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി പിഴ ഈടാക്കുന്നതിനുള്ള വാഹനപരിശോധന മാത്രമായി ഒതുങ്ങി. വര്‍ഷം 10 ശതമാനം അപകടം കുറയ്ക്കാനാണ് 2018-ല്‍ സേഫ് കേരള സംസ്ഥാനത്താകെ വ്യാപിപ്പിച്ചത്.
ഇതിനായി 10 ആര്‍.ടി.ഒ., 65 വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, 187 അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. 14 ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാരുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 85 എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ സജ്ജീകരിച്ചു. 71 വൈദ്യുത കാറുകളും 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉപകരണങ്ങളും നല്‍കി.
എന്നാല്‍ പ്രാഥമിക ലക്ഷ്യത്തില്‍നിന്നും അകന്ന് വെറും വാഹനപരിശോധനാ സംഘം മാത്രമായി ‘സേഫ് കേരള’ മാറി. ഇവര്‍ക്ക് ആവശ്യത്തിന് ഉപകരണങ്ങളും ഡ്രൈവര്‍മാരെയും നല്‍കിയില്ല. 726 നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ അഞ്ചുവര്‍ഷമെടുത്തു. സമാന്തരവാഹനങ്ങള്‍ പിടിക്കാനും കണ്‍ട്രോള്‍ റൂം ഡ്യൂട്ടിക്കും അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പരിശോധനയ്ക്കുമൊക്കെ സേഫ് കേരള ഉദ്യോഗസ്ഥരെ നിയോഗിച്ചു.
വിരമിക്കല്‍വഴി ഉണ്ടാകുന്ന ഒഴിവുകള്‍ നികത്താന്‍ സ്‌ക്വാഡിലുള്ളവരെ ഓഫീസുകളിലേക്ക് മാറ്റി. രണ്ടുവര്‍ഷമായി നിയമനം നടക്കാത്തതിനാല്‍ 50-ല്‍ അധികം ഒഴിവുകള്‍ സേഫ് കേരളയിലുണ്ട്. പരിശോധന നടക്കേണ്ട താലൂക്കിന് പകരം അകലെയുള്ള ജില്ലാ ഓഫീസുകളാണ് സ്‌ക്വാഡുകളുടെ കേന്ദ്രം. ഡ്യൂട്ടി മാറുന്ന സമയം രണ്ടുമണിക്കൂറോളം സ്‌ക്വാഡ് റോഡില്‍ ഉണ്ടാകില്ല. സ്‌ക്വാഡ് നിലവില്‍വന്ന 2019-ല്‍ മാത്രം 12.43 കോടി രൂപയാണ് നിരത്തില്‍നിന്ന് പിഴയായി ഈടാക്കിയത്. .
സേഫ് കേരളയില്‍ ചെയ്യേണ്ടത്
അപകടമേഖലകളില്‍ തുടര്‍ച്ചയായി നിരീക്ഷണം
അപകടസാഹചര്യങ്ങള്‍ കണ്ടെത്തി ഒഴിവാക്കുക
റോഡ് സുരക്ഷാവീഴ്ചകള്‍ റോഡ് സേഫ്റ്റി അതോറിറ്റിക്കോ, ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിനോ റിപ്പോര്‍ട്ട് ചെയ്യുക
അലക്ഷ്യമായ ഡ്രൈവിങ് നിരുത്സാഹപ്പെടുത്തുക
നിയമലംഘനങ്ങള്‍ പിടികൂടുക.
ചെയ്യുന്നത്
നിരത്തിലെ പരിശോധന മാത്രം. ഇന്‍സ്‌പെക്ടര്‍മാര്‍ മാസം നാലുലക്ഷംരൂപ പിഴ ഈടാക്കാനാണ് ടാര്‍ജറ്റ്