വളപട്ടണം പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം പാതിവഴിയിൽ

പാപ്പിനിശേരി: വളപട്ടണം പുഴയിൽ ബോട്ടുജെട്ടിക്ക് സമീപം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം പാതിവഴിയിൽ. കേന്ദ്രസർക്കാർ പദ്ധതിയായ വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തി സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് നടപ്പാക്കിവരുന്നത്.
ഒരു കോടി 90 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. വളപട്ടണം ബോട്ടുജെട്ടിക്ക് സമീപത്ത് ഡിസംബർ 31ന് പൂർത്തീകരിക്കേണ്ട പ്രവൃത്തിയാണ് നോക്കുകുത്തിയായി വെള്ളത്തിൽ പൊങ്ങിനിൽക്കുന്നത്.
നിലവിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണത്തിന്റെയവിടെ ഒരു സുരക്ഷയും ഏർപ്പെടുത്താത്തിടത്ത് കുട്ടികളടക്കമുള്ളവർ കയറി നടക്കാറുണ്ടായിരുന്നു.
ഇതേതുടർന്ന് പ്രദേശത്തുള്ളവരിൽ നിന്നും വ്യാപക പരാതിയുയർന്നിരുന്നു. തുടർന്ന് ബന്ധപ്പെട്ടവർ സ്ഥലത്തെത്തി പ്രവേശനം തടഞ്ഞുള്ള ബോർഡ് സ്ഥാപിക്കുകയായിരുന്നു.