ഹയർ സെക്കൻഡറി സ്കൂളുകളിൽ മലയാളം തസ്തികകൾ തരം താഴ്ത്തി; എതിർപ്പുമായി അധ്യാപക സംഘടന

Share our post

തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂളുകളിലെ 16 മലയാളം തസ്തികകൾ തരംതാഴ്ത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദമാവുന്നു. 2014-ൽ പുതുതായി ആരംഭിച്ച സ്‌കൂളുകളിലെ തസ്തികകളാണ് ജൂനിയറാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സാങ്കേതിക കാരണങ്ങൾ മറപറ്റിയുള്ള സർക്കാർ ഉത്തരവ് തിരുത്തണമെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച നിർദേശത്തിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) മലയാളം തസ്തിക സൃഷ്ടിക്കാനാണ് ശുപാർശചെയ്തതെങ്കിലും തുടർഅധ്യയന വർഷത്തിലെ കുട്ടികളുടെയും പിരീഡുകളുടെയും അടിസ്ഥാനത്തിലാണ് സീനിയർ തസ്തിക സൃഷ്ടിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.

ജൂനിയർ തസ്തിക ഇല്ലാതാവുന്നതിനെതിരേ ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതിനെത്തുടർന്ന് ഉത്തരവുണ്ടായി. 2014-15 വർഷം പ്രസ്തുത സ്‌കൂളുകളിൽ മലയാളം തസ്തികയ്ക്ക് ആഴ്ചയിൽ ആറു പിരീഡ് മാത്രമുള്ളതിനാൽ ജൂനിയർ തസ്തികയേ അനുവദനീയമായിട്ടുള്ളൂ.

എന്നാൽ, 2015-16 അധ്യയനവർഷം മൂന്നു ബാച്ചുകൾ ഉള്ളതിനാൽ മലയാളം തസ്തികയ്ക്ക് 18 പിരീഡുകൾ ഉണ്ടായി. ഉപഭാഷകൾക്ക് ഒരു ബാച്ചിൽ പരമാവധി 60 കുട്ടികളെ ഉൾക്കൊള്ളിക്കാം. 61 മുതൽ 120 വരെ കുട്ടികളാവുമ്പോൾ രണ്ടു ബാച്ചായി കണക്കാക്കും.

ഒരു ബാച്ചിന് ആറു പിരീഡാണ് അനുവദിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച ട്രിബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സൃഷ്ടിക്കപ്പെട്ട 16 മലയാളം തസ്തികകൾ ജൂനിയറാക്കി തരംതാഴ്ത്താൻ തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ, 2017-ൽ കുട്ടികളുടെ എണ്ണവും പിരീഡുകളും അടിസ്ഥാനമാക്കി സർക്കാരിന്റെ നയപരമായ തീരുമാനത്തിലൂടെയാണ് സീനിയർ തസ്തിക സൃഷ്ടിച്ചതെന്ന് എച്ച്.എസ്.ടി.എ. ചൂണ്ടിക്കാട്ടി. ഇത് അപ്പീൽകോടതിയെ ധരിപ്പിച്ച് അനുകൂല ഉത്തരവു സമ്പാദിക്കുന്നതിനു പകരം സർക്കാർ കുറുക്കുവഴി തേടുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!