തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ കറുപ്പിനെ പേടിച്ച പിണറായി ഇപ്പോള്‍ ഖദറിന്റെ വെളുപ്പിനെയാണ് പേടിക്കുന്നതെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു. ഖദറിട്ട ആരെയെങ്കിലും മുഖ്യമന്ത്രി കണ്ടുകഴിഞ്ഞാല്‍ കാര്യം പോക്കാണ്.
മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പില്‍ പോലും വെളുത്ത വസ്ത്രമിട്ട് ആര്‍ക്കും നില്‍ക്കാന്‍പറ്റാത്ത അവസ്ഥയാണെന്നും സതീശന്‍ പരിഹസിച്ചു. നികുതി വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള യുഡിഎഫിന്റെ രാപ്പകല്‍ സമരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
‘രണ്ടുമൂന്നുമാസം മുമ്പ് മുഖ്യമന്ത്രിക്ക് ഒരസുഖമുണ്ടായിരുന്നു. കറുപ്പ് കണ്ടാല്‍ പേടി. കറുത്ത മാസ്‌ക് പാടില്ല, കറുത്ത വസ്ത്രം പാടില്ല, കാക്ക പോലും അക്കാലത്ത് പേടിച്ചാണ് പറന്നത്. ഇതിപ്പോള്‍ മാറി വെളിപ്പിനോടായി ദേഷ്യം. ഖദറിട്ട ആരെയെങ്കിലും വഴിയില്‍ കണ്ടുകഴിഞ്ഞാല്‍ കാര്യം പോക്കാണ്.
പിന്നെ കരുതല്‍ തടങ്കലാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിലെ ബസ് സ്‌റ്റോപ്പില്‍ പോലും വെളുത്ത വസ്ത്രമിട്ട് ആര്‍ക്കും നിക്കാന്‍ പറ്റില്ല. വെളുത്ത വസ്ത്രം ധരിക്കാന്‍ ആലോചിക്കുന്നവര്‍ മുഖ്യമന്ത്രി ഏത് വഴിക്കാണ് പോകുന്നതെന്ന റൂട്ടുമൂപ്പ് നോക്കേണ്ട അവസ്ഥയാണ്’. സതീശന്‍ പറഞ്ഞു.
സത്യാഗ്രഹ സമരം ചെയ്യാന്‍ മാത്രമേ പ്രതിപക്ഷത്തിന് അറിയുവെന്നാണ് മുഖ്യമന്ത്രി നേരത്തെ പരിഹസിച്ചത്. സത്യാഗ്രഹ സമരം മാത്രമേ പ്രതിപക്ഷത്തിന് അറിയുകയുള്ളുവെങ്കില്‍ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് 40 സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയെന്നും ആരെയാണ് പേടിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.
40 വാഹനങ്ങളുടെ സുരക്ഷ കൂടാതെ ആയിരത്തോളം പോലീസുകാരാണ് ഓരോ ജില്ലയിലും മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്നത്. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രിക്ക് പേടിയുണ്ടെങ്കില്‍ അദ്ദേഹം ക്ലിഫ് ഹൗസില്‍ തന്നെ ഇരുന്ന് ഫയല്‍ നോക്കിയാല്‍ മതിയെന്നും സതീശന്‍ വിമര്‍ശിച്ചു.
കേരള ചരിത്രത്തില്‍ ഒരു ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം അതിനെതിരേ ഇത്രമാത്രം ജനവികാരം ഉയര്‍ന്ന കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലം എന്താണെന്ന് മനസിലാക്കാതെ ജനങ്ങളുടെ തലയില്‍ ഇരുമ്പുകുടംകൊണ്ട് അടിക്കുന്ന രീതിയിലാണ് ബജറ്റിലെ നിര്‍ദേശങ്ങള്‍.
നികുതി പിരിച്ചെടുക്കുന്നതിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. ആ ഗൗരവകരമായ പരാജയം മറച്ചുവെക്കാന്‍ മറ്റു വാദമുഖങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട വിഹിതം കിട്ടാത്തത് ആരുടെ പിടിപ്പുകേടാണെന്നും മര്യാദയ്ക്ക് രേഖകള്‍ നല്‍കാത്തതിനാല്‍ എത്ര കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു.
യുഡഎഫ് സര്‍ക്കാരിന്റെ കാലത്തെക്കാള്‍ കൂടുതലാണ് എല്‍ഡിഎഫ് സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്ന് റവന്യൂ കമ്മി ഇനത്തില്‍ കിട്ടുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് കാര്യം ശരിയാണെന്ന് പറഞ്ഞ സതീശന്‍ അദ്ദേഹത്തിന്റെ മൂന്ന് ചോദ്യങ്ങളിലും തെറ്റില്ലെന്നും വ്യക്തമാക്കി. പിണറായി സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വികൃതമായ മുഖമാണുള്ളതെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കുകയാണെന്നും നികുതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാള്‍ ഓടും – രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും സര്‍വ്വത്ര മേഖലയിലും ഏര്‍പ്പെടുത്തിയ നികുതി ഭാരം കൊണ്ടും പൊറുതി മുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഭയമായി തുടങ്ങി.
തമ്പ്രാന്‍ എഴുന്നെള്ളുമ്പോള്‍ വഴി മദ്ധ്യേ അടിയാന്മാര്‍ പാടില്ല എന്ന പോലെയാണ് ഇന്നലത്തെ കാലടിയിലെ സംഭവം, 104 ഡിഗ്രി പനിയുള്ള കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനു നേരെ ആക്രോശിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍, മരുന്ന് കൊടുത്ത മെഡിക്കല്‍ ഷോപ്പ് ഉടമയെ ഭീഷണിപ്പെടുത്തി ഷോപ്പ് പൂട്ടിക്കുമെന്ന് പറയുന്നത് എന്തു ജനാധിപത്യമാണ്. മുഖ്യമന്ത്രിക്കെതിരെ സമര രംഗത്തുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വനിത നേതാവിനെ പരസ്യമായി വലിച്ചിഴച്ച് മര്‍ദ്ദിക്കാനൊരുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയില്ല, ഇവരാണ് സ്ത്രീ സുരക്ഷയെ പറ്റി ഗീര്‍വാണം പ്രസംഗിക്കുന്നത്.
സമരം ചെയ്യുന്നവരെ കരുതല്‍ തടങ്കലിലാക്കിയാല്‍ എല്ലാം ശുഭമാകും എന്ന് കരുതുന്ന മുഖ്യമന്ത്രി വെറുതെ ദിവാസ്വപ്നം കണ്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യു.ഡി.എഫ് സമരത്തെ പരിഹസിക്കുന്ന മുഖ്യമന്ത്രിയോട് ഒറ്റ കാര്യമേ പറയാനുള്ളു ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല, എത്ര സുരക്ഷ വര്‍ദ്ധിപ്പിച്ചാലും സമരാവേശത്തെ മറികടക്കാനാവില്ല. ഇനിയങ്ങോട്ട് ശക്തമായ സമരത്തെയാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരികയെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.