കണ്ണൂർ: കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഈ വർഷം ആവിഷ്‌കരിച്ച പദ്ധതി ജില്ലയ്‌ക്ക് പുത്തനുണർവ് പകരുന്നത്. കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസനമാണ് പ്രധാനം. കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവശേഷി ശാസ്‌ത്രീയമായി ഉപയോഗിച്ച് ഉൽപാദനം ഗണ്യമായി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിളയധിഷ്‌ഠിത സമീപനത്തിൽനിന്ന് മാറി സംയോജിത ബഹുവിള കൃഷി സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിലൂടെ കൈവശ ഭൂമി വികസിപ്പിക്കുന്നതാണ് പദ്ധതി. മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.ഒരു പഞ്ചായത്തിൽ കുറഞ്ഞത് 25 യൂണിറ്റ് വികസിപ്പിക്കും. 10 സെന്റ് മുതൽ 200 സെന്റ് വരെയുള്ള കൃഷിയിട യൂണിറ്റുകളായിരിക്കും ഉൾപ്പെടുത്തുക. കർഷകന് ഇഷ്ടമുള്ള വിള തെരഞ്ഞെടുക്കാം.
വിതരണ ശൃംഖല വികസന പദ്ധതി
ഉൽപ്പാദനം, വിപണനം, സംസ്‌കരണം, ഫാം ടൂറിസം എന്നിവയിലൂടെ ഗ്രാമീണ വരുമാനമുണ്ടാക്കുന്നതിന് കൃഷിയുടെ പരിവർത്തനപരമായ കഴിവ് പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. കാർഷിക മേഖലയിലെ ആവശ്യങ്ങളുടെയും സേവനങ്ങളുടെയും വിതരണം ഉറപ്പാക്കുകയും കാര്യക്ഷമമായ വിതരണ ശൃംഖല സ്ഥാപിച്ച് ഉൽപ്പന്നങ്ങൾക്ക് മൂല്യമുണ്ടാക്കുകയും ചെയ്യും.
ഉൽപ്പാദക സംഘടനകളുടെ വികസനത്തിനും സാങ്കേതിക വിദ്യാ പിന്തുണയ്‌ക്കുള്ള പദ്ധതിയും കാർഷിക മേഖലയുടെ വികസനത്തിലൂന്നിയുള്ളതാണ്. സാങ്കേതിക വിദ്യകളുടെ പ്രദർശനം, കർഷക കൂട്ടായ്‌മയിലൂടെ കർഷക ഉൽപ്പാദക സംഘടനാ രൂപീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
നെൽ കൃഷി വികസനം
സുസ്ഥിര നെൽ കൃഷി വികസനത്തിനായി ഉൽപ്പാദനോപാദികൾക്കുള്ള സഹായം, കൂട്ടുകൃഷിക്ക് പിന്തുണ, നെൽവയൽ ഉടമകൾക്ക് റോയൽറ്റി എന്നിവയിലൂടെ നെൽ കൃഷി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1.68 കോടി രൂപയാണ് അനുവദിച്ചത്.
നാളികേര വികസനം
ഉയർന്ന ഉൽപ്പാദന ക്ഷമതയുള്ള ഇനങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരിപാലന രീതികളിലൂടെയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം
വിള ഇൻഷുറൻസ് പദ്ധതി
പ്രകൃതി ക്ഷോഭത്തിലുണ്ടാകുന്ന വിളനാശത്തിന് സംസ്ഥാന വിള ഇൻഷുറൻസിലൂടെ കർഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്.
ഉൽപ്പാദനശേഷമുള്ള
പരിപാലനവും
മൂല്യവർധനയും
ഇടത്തരം, ചെറുകിട, സൂക്ഷ്‌മ കാർഷിക സംസ്‌കരണ, മൂല്യവർധിത യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുക, കർഷക ഉൽപ്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാർഷിക മേഖലയ്‌ക്ക് താങ്ങായി ബജറ്റ്
ജലമൊഴുക്കാൻ പഴശ്ശി
കനാലുകൾ നവീകരിച്ച് ജില്ലയിൽ ജലസേചനം ഉറപ്പാക്കാൻ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചത് കർഷകർക്ക് വലിയ ആശ്വാസമാണ്.പ്രധാന കനാലും കൈക്കനാലുകളും നവീകരിച്ച് മാഹി മുതൽ തളിപ്പറമ്പുവരെയുള്ള കാർഷിക മേഖലയിൽ വെള്ളം എത്തിക്കാനാണ് നീക്കം. മെയിൻ കനാലിൽനിന്ന് മാഹി ബ്രാഞ്ച് കനാൽവരെ വെള്ളമെത്തിക്കാനുള്ള പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാകും.
ഇതിനൊപ്പം അഴീക്കൽ, എടക്കാട് ബ്രാഞ്ച് കനാലുകളുടെ നവീകരണവും പൂർത്തിയാക്കും. രണ്ട് വർഷത്തെ ബജറ്റിൽ അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച് കനാലുകളുടെ മൂന്നിലൊന്ന് ഭാഗം പ്രവർത്തനക്ഷമമാക്കാനാണ് നീക്കം. 46.26 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കനാൽ. കാട്ടാമ്പള്ളി, തളിപ്പറമ്പ്, മോറാഴ, അഴീക്കൽ, എടക്കാട് ശാഖാ കനാലുകളും കൈക്കനാലുകളും നവീകരിക്കണം.
തളിപ്പറമ്പിൽ സൂക്ഷ്മ
നീർത്തട പദ്ധതി
തളിപ്പറമ്പ് മണ്ഡലത്തിലെ സൂക്ഷ്മ നീർത്തട പദ്ധതികൾക്ക് മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തി. മണ്ണിന്റെ ഫലഭൂയിഷ്ടത, ജല സംഭരണശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് നീർത്തട വികസന പദ്ധതികൾ നടത്തും. ഇതിന്റെ ഭാഗമായി കുളങ്ങളും തടാകങ്ങളും പുനസ്ഥാപിക്കും. മഴവെള്ളം സംഭരിക്കാനും മണ്ണിന്റെ ഈർപ്പം വർധിപ്പിക്കാനും ടാങ്കുകൾ, കൃത്രിമ കുളങ്ങൾ, ചെക്ക് ഡാമുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കും.
പച്ചക്കറി വികസനം
പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌ത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ഇതിനായി 2.40 കോടി രൂപയാണ് അനുവദിച്ചത്. വീട്ടുവളപ്പിലെ കൃഷി, വിഎഫ്‌പിസികെയുടെ പിന്തുണയോടെ കൃഷി, സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി, ക്ലസ്‌റ്ററുകളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി, സാങ്കേതിക പിന്തുണയും കരാർ വേതനവും ഉറപ്പാക്കിയുള്ള കൃഷി, മഴമറ, സ്ഥിരം പന്തലുകൾ, ജലസേചനം എന്നിവ ഉൾപ്പെടുന്ന കൃഷി ഇതിന്റെ ഭാഗമാണ്.
റഗുലേറ്റർ കം ബ്രിഡ്‌ജ്
ചൂരൽ-– അട്ടോളി ഇല്ലം-–കുറുവേലി റോഡിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ ബജറ്റിൽ ഒരുകോടി രൂപ. നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. നിലവിൽ തോട്ടിലൂടെയാണ് വാഹനങ്ങൾ ഉൾപ്പെടെ പോകുന്നത്.
മഴക്കാലമായാൽ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. പാലം പണി പൂർത്തിയാകുന്നതോടെ ആലപ്പടമ്പ്, സ്വാമിമുക്ക്, ചീമേനി, വെളിച്ചംതോട് പ്രദേശങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും.
കുറ്റ്യാട്ടൂർ മാങ്കോ പാർക്ക്
കുറ്റ്യാട്ടൂർ മാങ്ങയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ മാങ്കോ പാർക്ക് ഒരുക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവച്ചു. മാങ്കോ പാർക്ക് നിർമാണം പൂർത്തിയായാൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും അത്യാധുനിക ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് അഗ്രികൾച്ചർ വാല്യൂ അഡീഷൻ പ്ലാന്റുകൾ സ്ഥാപിക്കും. ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകും.