നമ്പര്‍ പ്ലേറ്റുണ്ട്, പക്ഷേ ആരും കാണില്ല…അത്ര സാമര്‍ഥ്യം വേണ്ട, വാഹനത്തെ സംശയിക്കാമെന്ന് MVD

നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റി ബൈക്കുമായി നിരത്തില്‍ ചീറിപായുന്നത് ഒരു ഫാഷനായിരുന്ന സമയമുണ്ടായിരുന്നു. എന്നാല്‍, അതിസുരക്ഷ നമ്പര്‍പ്ലേറ്റുകളുടെ കാലം വന്നതോടെ ഇത് ഏറെക്കുറേ അവസാനിച്ചിട്ടുണ്ട്. എന്നാല്‍, ഒറ്റനോട്ടത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കിയിട്ടുള്ളതും, പക്ഷെ, ഒരു കാരണവശാലും നമ്പര്‍ കാണാന്‍ സാധിക്കാത്തതുമായി നിരവധി വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തുകളില്‍ ഉള്ളത്. ഇത് പക്ഷെ, കാറും ബൈക്കുമൊന്നുമല്ല. ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ്.
മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 39 അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാതെയോ, നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് പോലെ രജിസ്‌ട്രേഷന്‍ മാര്‍ക്ക് പ്രദര്‍ശിപ്പിക്കാതെയോ ഒരു വാഹനവും പൊതുനിരത്തുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് പ്രധാനമായും രണ്ട് ഉദ്ദേശത്തിലാണ്. പ്രധാനമായും വാഹനം തിരിച്ചറിയുന്നതിനും, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കൃത്യമായ എണ്ണം മനസിലാക്കുന്നതിനുമാണ് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ആ വാഹനത്തിന്റെ ഉടമയാരാണ്, ഈ വാഹനം ഏത് മോഡലാണ്, എത് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്, നിറമേതാണ് തുടങ്ങിയ നിരവധി കാര്യങ്ങളാണ് ലഭ്യമാകുന്നത്. അപകടങ്ങള്‍ ഉണ്ടാക്കി നിരവധി വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ തന്നെ നമ്പര്‍ പ്ലേറ്റുകള്‍ വൃത്തിയായും തെളിച്ചമുള്ളതായും സൂക്ഷിക്കേണ്ടത് വാഹന ഉടമയുടേയും ഡ്രൈവറിന്റെയും ഉത്തരവാദിത്വമാണ്. നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്ന ഒന്നും തന്നെ വാഹനങ്ങളില്‍ വയ്ക്കാന്‍ പാടില്ല.