പൂരക്കടവ് വിയർ കം ട്രാക്ടർവേ നിർമ്മാണം പൂർത്തിയായി; ഉദ്ഘാടനം19ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും

Share our post

പഴയങ്ങാടി: കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പൂരക്കടവിൽ വിയർ കം ട്രാക്ടർവേയുടെ നിർമ്മാണം പൂർത്തിയായി. 19ന് രാവിലെ 10 മണിക്ക് പദ്ധതി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

പുഴയിലൂടെ ഒഴുകി പോകുന്ന ജലം അണകെട്ടി തടഞ്ഞു നിർത്തി നാട്ടിലെ ജനങ്ങളുടെ കാർഷിക ആവശ്യങ്ങൾക്ക് ഉപയുക്തമാക്കി തീർക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്.അതോടൊപ്പം ഈ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പുഴയുടെ ഇരുകരകളിലും വന്നു നിൽക്കുന്ന റോഡുകൾ തമ്മിൽ പാലം മുഖേന ബന്ധിപ്പിക്കുന്നതു വഴി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അതുവഴി ഈ പ്രദേശത്തിന്റെ സർവ്വതോമുഖമായ വികസനവുമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

കേരള ജലവിഭവ വകുപ്പ് നബാർഡിന്റെ സഹായത്തോടു കൂടി ക്ലാസ്സ് 1 വിഭാഗത്തിൽപ്പെടുത്തി ചെറുകിട ജലസേചന വിഭാഗം മുഖേനയാണ് പ്രവൃത്തി പൂർത്തികരിച്ചത്. ഇതിനായി സംസ്ഥാന സർക്കാർ 3.81 കോടി രൂപയാണ് അനുവദിച്ചത്.പദ്ധതിയിൽ 26 മീറ്റർ വീതിയുള്ള പുഴയ്ക്ക് കുറുകെ 12 മീറ്റർ നീളമുള്ള 2 മെക്കാനിക്കൽ ഷട്ടർ സംവിധാനത്തോടുകൂടിയ റെഗുലേറ്ററും 3.25 മീറ്റർ വീതിയിൽ കാരേജ് വേയുള്ള വാഹന ഗതാഗതത്തിനു അനുയോജ്യമായ പാലവും നിർമ്മിച്ചിട്ടുണ്ട്.

റെഗുലേറ്ററിന്റെ ഷട്ടറടച്ച് വയ്ക്കുന്ന സമയങ്ങളിൽ ഏകദേശം 2 കിലോമീറ്റർ നീളത്തിൽ ജലം സംഭരിച്ച് നിർത്താൻ സാധിക്കും. റെഗുലേറ്ററിനോടനുബന്ധിച്ച് ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും പൂർത്തീകരിച്ചിട്ടുണ്ട്.ആലക്കാട് വായനശാലയിൽ വച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ അദ്ധ്യക്ഷത വഹിച്ചു.

ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ വി.എൻ രവീന്ദ്രൻ, അസിസ്റ്റന്റ് എഞ്ചിനിയർ എ.വി വിനോദ് കുമാർ, കെ. പത്മനാഭൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സണലായി കടന്നപ്പള്ളി – പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജയെയും, കൺവീനറായി കെ. സജിത്തിനെയും തിരഞ്ഞെടുത്തു.

344.67 ഹെക്ടർ സ്ഥലത്ത് ജലസേചനംപ്രവൃത്തി പൂർത്തിയായതോടുകൂടി ആലക്കാട്, ഒതേര തേനംകുന്ന് പ്രദേശങ്ങളിലെ 344.67 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാകുകയും ആലക്കാട് നിന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള ദൂരം ഗണ്യമായി കുറയുകയും ചെയ്യും. പദ്ധതിയുടെ പൂർത്തീകരണം വഴി 1000-ൽ പരം ആളുകൾക്ക് നേരിട്ട് ഗുണം ലഭിക്കും. കൂടാതെ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും, ഒരു പരിധിവരെ വരൾച്ചയെ നേരിടുന്നതിനും ഈ പദ്ധതികൊണ്ട് സാധിച്ചേക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!