കല്യാശ്ശേരിയിൽ അടിപ്പാത; കേന്ദ്ര മന്ത്രിയെ സമീപിക്കും

കല്യാശ്ശേരി: ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഗുരുതരമായ യാത്രാതടസ്സം നേരിടുന്ന കല്യാശേരിയിൽ അടിപ്പാത നേടിയെടുക്കാൻ വിദഗ്ധ സംഘം കേന്ദ്രത്തിനരികിലേക്ക്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തെ സമീപിക്കാനുള്ള നീക്കം.
എം.വി. വിജിൻ എം.എൽ.എ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ബാലകൃഷ്ണൻ, മുൻ എം.എൽ.എ ടി.വി. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അടിപ്പാതക്കായി കേന്ദ്രത്തെ സമീപിക്കാനായി ഒരുങ്ങുന്നത്. വിഷയത്തിൽ ദേശീയപാത അധികൃതരുമായി ചർച്ച ചെയ്യാമെന്ന ഉറപ്പു മാത്രമാണ് മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. തുടർന്ന് ടി.വി. രാജേഷ് സ്പീക്കർ എ.എൻ. ഷംസീറിന്റെ സാന്നിധ്യത്തിൽ ദേശീയപാത അതോറിറ്റി റീജിനൽ ഓഫിസർ ബി.എൽ. മീണയുമായും കൂടിക്കാഴ്ച നടത്തി.
കല്യാശ്ശേരിയിലെ ജനങ്ങളുടെ യാത്രാ പ്രതിസന്ധി ബോധ്യപ്പെട്ടതാണെന്നും ഇത് പരിഹരിക്കാനാവശ്യമായ അടിയന്തര റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കാമെന്നും മീണ അറിയിച്ചു. കൂടാതെ ഈ ആഴ്ച തന്നെ കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരിയെ കാണുമെന്ന് ടി.വി. രാജഷ് അറിയിച്ചു. കല്യാശ്ശേരിയിൽ ദേശീയപാത പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തുകയും 14 ഓളം ഗ്രാമീണ റോഡുകൾ അടയുമെന്ന സാഹചര്യം വന്നതോടെയുമാണ് സംഘം കേന്ദ്രത്തെ സമീപിക്കാനൊരുങ്ങുന്നത്.
കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ എങ്ങനെ എത്തിച്ചേരുമെന്ന കാര്യത്തിൽ ഇ നിയും വ്യക്തത വന്നിട്ടില്ല. കല്യാശ്ശേരിക്കാർ ആവശ്യപ്പെടുന്ന ഒരു അടിപ്പാത സൗകര്യത്തിന്റെ കാര്യത്തിലും ഒരു ഉറപ്പോ നടപടിയോ ഇനിയുമുണ്ടായിട്ടില്ല.
അതോടൊപ്പം ടോൾ പ്ലാസ മാറ്റണമെന്നാവശ്യപ്പെടുന്ന വയക്കര വയലിൽ സർവിസ് റോഡ് പ്രവൃത്തിയടക്കം ദ്രുതഗതിയിൽ നടത്തുന്നതും ജനങ്ങളുടെ ആശങ്കക്ക് ആക്കം കൂട്ടിയിട്ടുണ്ട്.