അബ്ദുൾ നസീറിന്റെ നിയമനം ജുഡീഷ്യറിക്കു തന്നെ ഭീഷണി, തെറ്റായ സമീപനം; വിമർശിച്ച് കോണ്‍ഗ്രസ്_

ന്യൂഡൽഹി: ജസ്റ്റിസ് അബ്ദുൾ നസീറിന്റെ ഗവർണർ നിയമനത്തിനെതിരെ കോൺഗ്രസ്. അബ്ദുൾ നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും തെറ്റായ സമീപനമാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു. മുൻ ബിജെപി നേതാവും മുൻ നിയമ- ധനകാര്യവകുപ്പ് മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
‘ജസ്റ്റിസ് അബ്ദുൾ നസീറിന്റെ ഗവർണർ നിയമനം തെറ്റായ സമീപനമാണ്. ഇത്തരം നടപടികൾ ജുഡീഷ്യറിക്ക് ഭീഷണിയെന്ന് ബി.ജെ.പി. നേതാവ് അരുൺ ജെയ്റ്റ്ലി തന്നെ പറഞ്ഞിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷമുള്ള ജോലി റിട്ടയർമെന്റിന് മുമ്പുള്ള വിധികളെ സ്വാധീനിക്കും. നിയമനത്തെ ശക്തമായി എതിർക്കുന്നു’, സിങ്‌വി പറഞ്ഞു.
‘ഇത് ഒരു വ്യക്തിക്കെതിരെ മാത്രമുള്ളതല്ല,
എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. എന്നാൽ, ജഡ്ജിമാർക്ക് റിട്ടയർമെന്റിന് ശേഷം നിയമനം നൽകുന്നതിന് സാങ്കേതികമായി ഞങ്ങൾ എതിരാണ്. നേരത്തെ ഇത്തരത്തിൽ നിയമിച്ചിട്ടുണ്ട് എന്ന ബിജെപിയുടെ പ്രതിരോധം ഒരു ന്യായീകരണമല്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിന്റെ നിയുക്ത ഗവര്‍ണറായ ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍, സുപ്രധാനമായ പല കേസുകളിലും വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്നു. അയോധ്യ തര്‍ക്ക ഭൂമി, നോട്ട് അസാധുവാക്കലിന്റെ നിയമ സാധുത, മുത്തലാഖ് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം.
കേരളത്തിലെ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ തുറന്ന കോടതിയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആര്‍എസ്എസിന്റെ അഭിഭാഷക സംഘടന സംഘടിപ്പിച്ച വേദിയില്‍ പ്രസംഗിച്ചതും വലിയ ചര്‍ച്ചയായിരുന്നു.