ഇ.ജി.രാജൻ ശാന്തിക്ക് വിട, ഗുരുദർശനങ്ങളുടെ പ്രചാരകൻ

കണ്ണൂർ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരകനും ഗുരുവിന്റെ ആദർശങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളുടെ സഹചാരിയും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേൽശാന്തിയുമായിരുന്ന ഇ.ജി.രാജൻ ശാന്തിക്ക് (70) ആയിരക്കണക്കിനു ഭക്ത ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. ശാരീരിക തളർച്ചയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു.
തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം എസ്എൻ വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 9 മുതൽ പൊതു ദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ എറണാകുളം ഒക്കൽ ഓണമ്പിള്ളി ഇടവൂരിലെ സുന്ദരേശ്വരം വീട്ടിലേക്കു കൊണ്ടുപോയി. ഇന്ന് രാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ സംസ്കാരം നടത്തും. ഭാര്യ:സരസ്വതി, മക്കൾ സരിത, പൃഥ്വിരാജ്, മരുമക്കൾ: ശ്യാംനാഥ്, ഭവ്യ.
ചെറുപ്പത്തിൽ തന്നെ നാരായണ ഗുരുവിന്റെ ദർശനങ്ങളിൽ ആകൃഷ്ടനായ ഇ.ജി.രാജൻ, ഗുരുവിന്റെ നിർദേശപ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ട തളാപ്പ് സുന്ദരേശ്വരം ക്ഷേത്രത്തിൽ 1971 ഓഗസ്റ്റ് 7നാണ് എത്തുന്നത്. തുടർന്ന് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ച് തുടങ്ങി. 1983ൽ ക്ഷേത്രം മേൽശാന്തിയായി. ഒപ്പം ശ്രീനാരായണ ഗുരു തത്വങ്ങൾക്ക് പ്രചാരണം നൽകാനുള്ള പ്രവൃത്തികളിലും മുഴുകി.
ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ കർമങ്ങളിലും മുഖ്യ കാർമികത്വം വഹിച്ചു. 2007ൽ നടന്ന ഭക്തിസംവർധിനിയോഗം ശതാബ്ദി ആഘോഷവേള, 2016ൽ നടന്ന സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷവേള എന്നിവയിൽ പ്രവർത്തിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിച്ചിരുന്നു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ്, മേയർ ടി.ഒ .മോഹനൻ.
ജില്ലയിലെ എസ്എൻഡിപി യോഗം ഭാരവാഹികൾ, തളാപ്പ് സുന്ദരേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. തളാപ്പ് ഭക്തി സംവർധിനി യോഗത്തിനു വേണ്ടി പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, സെക്രട്ടറി കെ.പി.പവിത്രൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.