കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു മാത്രമല്ല, ചെറു നഗരങ്ങളിലും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പഴയങ്ങാടി, തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ്, ഇരിക്കൂർ, പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലേക്കു രാത്രി 8 മണി കഴിഞ്ഞാൽ ബസുകൾ തീരെക്കുറവാണ്. പഴയങ്ങാടി ഭാഗത്തേക്ക് രാത്രി 8 കഴിഞ്ഞാൽ ബസില്ല.
തളിപ്പറമ്പ് ഭാഗത്തേക്കും സ്ഥിതി മെച്ചമല്ല. 9ന് ശേഷം ഈ ഭാഗത്തേക്കു ബസുകൾ തീരെക്കുറവാണ്. അർധരാത്രിക്കു ശേഷമെത്തുന്ന ചില ദീർഘദൂര ബസുകൾ മാത്രമാണ് ആശ്രയം. കാസർകോട് ഭാഗത്തേക്ക് 9.30ന് കണ്ണൂരിൽ നിന്നു പുറപ്പെടുന്ന കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ ആണ് ഏക ആശ്രയം.
എക്സിക്യുട്ടീവ് എക്സ്പ്രസ്, ജനശതാബ്ദി ട്രെയിനുകളിലെത്തുന്ന യാത്രക്കാർക്കായി, രാത്രി 11നു ശേഷം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 2 സർവീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചിട്ടില്ല. രാത്രി 9 ന് ശേഷം നഗരത്തിൽ നിന്നു ജില്ലയിലെ മറ്റു പ്രധാന ടൗണുകളിലേക്ക് ബസ് സർവീസിനു കെഎസ്ആർടിസി മുൻകൈയെടുക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.
ആശ്രയം തമിഴ്നാട് ബസ്
രാത്രി കൂത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിലേക്ക് പോകാൻ ആശ്രയം തമിഴ്നാട് സ്റ്റേറ്റ് ബസാണ്. കോവിഡിന് ശേഷം യാത്രക്കാർ കുറഞ്ഞതു ചൂണ്ടിക്കാട്ടിയാണു സ്വകാര്യ ബസുകൾ ഈ റൂട്ടിൽ നിന്നു രാത്രി സർവീസുകൾ ഒഴിവാക്കിയത്.
എന്നാൽ പകരം കെഎസ്ആർടിസി വന്നതുമില്ല. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന തമിഴ്നാട് സ്റ്റേറ്റ് ബസ് തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലെ യാത്രക്കാർക്ക് രാത്രിയിൽ ഏറെ ആശ്വാസമാണ്. താഴെചൊവ്വ–ചാല–നടാൽ ബൈപാസ് വഴി തലശ്ശേരിയിലേക്കും അവിടെ നിന്നു കൂത്തുപറമ്പിലേക്കുമാണു ബസിന്റെ യാത്ര.
എല്ലാ സ്റ്റോപ്പിലും നിർത്തുന്നതും യാത്രക്കാർക്കു സഹായകരമാണ്. രാത്രി, വ്യാപാരസ്ഥാപനങ്ങളടച്ച് കണ്ണൂരിൽ നിന്നു കൂത്തുപറമ്പിലേക്കും തലശ്ശേരിയിലേക്കും പോകേണ്ട വ്യാപാരികളും തലശ്ശേരിയിൽ നിന്നു കൂത്തുപറമ്പിലേക്കുള്ള വ്യാപാരികളും ഈ ബസിനെയാണ് ആശ്രയിക്കുന്നത്.
തമിഴ്നാട് എസ്ആർടിസിക്കു സാധിക്കുന്നതു കെഎസ്ആർടിസിക്കു കഴിയിയല്ലേ എന്നാണു യാത്രക്കാരുടെ ചോദ്യം. ഈ ബസിനു സമാന്തരമായി കെഎസ്ആർടിസി ബസ് ഇടണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ആശ്വാസമായി ‘വിമാനത്താവള’ ബസ്
അതേസമയം, കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനഃസ്ഥാപിച്ചത് നഗരത്തിൽ അർധരാത്രി എത്തുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കാസർകോട് നിന്ന് രാത്രി 9ന് പുറപ്പെടുന്ന ഈ ബസ് രാത്രി 12ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ എത്തും. നഗരത്തിൽ നിന്ന് ചാല ബൈപാസ് വഴി തലശ്ശേരിയിലേക്കും കോഴിക്കോടേക്കും പോകും.
ഈ ബസും എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളം വരെയുണ്ടായിരുന്ന ഈ ബസ് ഇപ്പോൾ കോഴിക്കോട് നഗരം വരെ മാത്രമാണ് പോകുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതാണു കാരണമായി പറയുന്നത്. കോവിഡ് കാലത്താണു ബസ് നിർത്തിയത്.