108 ആംബുലൻസ് തൊഴിലാളികൾ സമരത്തിലേക്ക്
കണ്ണൂർ: ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് തൊഴിലാളികൾ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സമരരംഗത്തേക്ക്. 108 ആംബുലൻസ് നടത്തിപ്പവകാശമുള്ള ജിവികെ ഇ.എം.ആർ.ഐ കമ്പനിയുമായി നടത്തിയ കരാർ ലംഘിച്ചതിൽ പ്രതിഷേധിച്ചാണ് സമരം.
ശമ്പളം ആവശ്യപ്പെട്ട് ജിവികെ ഇ.എം.ആർ.ഐ കമ്പനിയുടെ ടെക്നോപാർക്കിലുള്ള ഓഫീസിലേക്ക് നേരത്തെ തൊഴിലാളികൾ മാർച്ച് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ യൂണിയൻ നേതൃത്വവും കമ്പനി അധികാരികളും നടത്തിയ ചർച്ചയിൽ എല്ലാ മാസവും പത്തിനകം ശമ്പളം നൽകാമെന്ന് ധാരണയായിരുന്നു.
എന്നാൽ, കരാർ ലംഘിച്ച കമ്പനി ജനുവരിയിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. തുച്ഛമായ വരുമാനത്തിൽ തൊഴിൽ ചെയ്യുന്നവരുടെ ജീവിതം താളംതെറ്റി.അവശ്യസർവീസായതിനാൽ മിന്നൽ പണിമുടക്ക് നടത്താൻ കഴിയില്ലെന്ന നിയമവശം മുതലെടുത്ത് തൊഴിലാളികളെ കമ്പനി പരസ്യമായി ചൂഷണം ചെയ്യുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
സർവീസ് നിർത്തിവയ്ക്കാതെ നോക്കേണ്ടത് നടത്തിപ്പവകാശമുള്ള കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും പ്രശ്‌നപരിഹാരത്തിന് കമ്പനി അധികൃതർ തയ്യാറാകണമെന്നും സംസ്ഥാന നേതൃത്വം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.