കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക വെെവിധ്യവും ചരിത്രപെെതൃകവുമുള്ള ജില്ലയുടെ വിനോദസഞ്ചാര മേഖലയും വൻകുതിപ്പിലാണ്. തദ്ദേശീയർക്ക് ഗുണമുള്ള ഉത്തവാദിത്വ ടൂറിസം പദ്ധതി മുതൽ ധർമടം ബീച്ച് ആഗോളം ടൂറിസം പദ്ധതിവരെ നീളുന്ന നിരവധി പദ്ധതികളാണ് ജില്ലയുടെ വിനോദസഞ്ചാര ഭൂപടം വിസ്തൃതമാക്കുന്നത്.
മലബാറിനെ അറിയാൻ
മലബാറിന്റെ വിനോദസഞ്ചാര ഇടങ്ങൾ പരിചയപ്പെടുത്തുന്ന, ടൂറിസം വകുപ്പിന്റെ ഫെമിലിയറൈസേഷൻ ടൂർ അഥവാ ‘ഫാം ടു മലബാർ 500’ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂർ ഓപ്പറേറ്റർമാരുടെ ആദ്യസംഘം ജില്ലയിലെത്തിയതും വലിയ പ്രതീക്ഷയായി. വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക, ഭക്ഷ്യ വൈവിധ്യവും പരിചയപ്പെടുത്തുന്ന കാരവൻ ടൂറിസം പദ്ധതിയിൽ അഞ്ഞൂറിലധികം ടൂർ ഓപ്പറേറ്റർമാരും ഭാഗമാകും.
ഹബ്ബാവും മുഴപ്പിലങ്ങാട്
–- ധർമടം ബീച്ച്
മുഴപ്പിലങ്ങാട് – -ധർമടം ബീച്ച് ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത് പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. കിഫ്‌ബി 233.72 കോടി രൂപ അനുവദിച്ച പദ്ധതിയിൽ.
ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ്- ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണുള്ളത്.
മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുഭാഗത്ത് നടപ്പാത, ധർമടം ബീച്ചിന്റെ തെക്കുഭാഗത്ത് ജലധാര, ധർമടം ബീച്ച് വികസനം, ധർമടം ദ്വീപ് തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് പദ്ധതിക്ക്.
തുഴയാം പുഴകളിൽ
കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട് മലബാർ റിവർക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് ക്രൂസ് റൂട്ടുകൾ പ്രവർത്തനം തുടങ്ങി. കുപ്പം – പഴയങ്ങാടിവരെയുള്ള കണ്ടൽ ക്രൂസ്, മുനമ്പ് കടവ് – വളപട്ടണം വരെയുള്ള മുത്തപ്പൻ ക്രൂസ്, വളപട്ടണം മുതൽ പഴയങ്ങാടിവരെയുള്ള തെയ്യം ക്രൂസ് എന്നിവയിലാണ് ബോട്ട് യാത്ര തുടങ്ങിയത്. മാഹി – പെരിങ്ങത്തൂർ കളരി ക്രൂസ്, അഞ്ചരക്കണ്ടിപ്പുഴയിലെ പഴശി ക്രൂസ് എന്നിവ ഉടൻ തുടങ്ങും.
ആദ്യ കാരവൻ പാർക്ക്
മുല്ലക്കൊടിയിൽ
മയ്യിൽ മുല്ലക്കൊടി ടൂറിസം പദ്ധതിയിൽ ജില്ലയിലെ ആദ്യ കാരവൻ പാർക്ക് ഒരുങ്ങും. യാത്രയും താമസവും കാരവനിലാക്കി വ്യത്യസ്തമായ അനുഭവം പകരുന്ന ടൂറിസം പദ്ധതിയാണിത്. 90 ലക്ഷം രൂപ ചെലവിടുന്ന പദ്ധതിയിൽ വിശാലമായ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റോറന്റ് , കുട്ടികളുടെ പാർക്ക്, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയുണ്ടാകും.
–വെള്ളിക്കീലിൽ പാർക്ക്, വൈതൽമലയിൽ സർക്യൂട്ട്
വെള്ളിക്കീൽ ഇക്കോപാർക്കിനായി സർക്കാർ എട്ട് കോടി രൂപയാണ് അനുവദിച്ചത്. സൈക്കിൾ പാത്ത്, നടപ്പാത, കുട്ടികളുടെ അമ്യൂസ്‌മെന്റ് തുടങ്ങിയവ ഒരുക്കും. പതിറ്റാണ്ടുകളുടെ ചരിത്രമുള്ള വൈതൽമല ടൂറിസത്തെ ടൂറിസം സർക്യൂട്ടായി വിപുലപ്പെടുത്താനുള്ള പദ്ധതിയും അണിയറയിലുണ്ട്.
ചിറകുവിരിച്ച് പറക്കാൻ
പുല്ലൂപ്പിക്കടവ്
ദേശാടന പക്ഷികൾ വിരുന്നെത്തുന്ന വിശാലമായ ചതുപ്പും വയൽപ്പരപ്പും പുഴയും ചെറുതുരുത്തുകളുമായി പരന്നുകിടക്കുന്ന പുല്ലൂപ്പിക്കടവിൽ നാറാത്ത് പഞ്ചായത്ത് മുൻകൈയിലാണ് പദ്ധതി നടപ്പാക്കുന്നത്.