‘കുഞ്ഞുണ്ടായത് എട്ടു വര്‍ഷത്തിന് ശേഷം, ആത്മഹത്യ ചെയ്യില്ല’; യുവാവിനെ മര്‍ദിച്ച് കൊന്നതാണെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വയനാട് മേപ്പാടിയിലെ ആദിവാസി യുവാവ് വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. സഹോദരന്‍ രാഘവനാണ് വിശ്വാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്.
വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞുണ്ടായത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്ന വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ലക്ഷണമുണ്ട്. സഹോദരനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവന്‍ ആരോപിച്ചു. മോഷണം നടത്തുന്നയാളല്ല വിശ്വനാഥനെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിനെത്തിയ വിശ്വനാഥനെ സുരക്ഷാജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് ചോദ്യംചെയ്തിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞദിവസം ഭാര്യാമാതാവും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി സഹോദരനും രംഗത്തെത്തിയിരിക്കുന്നത്. വിശ്വനാഥന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദനമേറ്റതിന്റെ പാടുകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് മെഡിക്കല്‍ കോളേജ് എ.സി.പി.യുടെ വിശദീകരണം. കുടുംബം ഗുരുതരമായ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കോ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ മരണത്തില്‍ പങ്കുണ്ടോ എന്നകാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)