അർബൻ നിധി ‘എല്ലാ ഡയറക്ടർമാരെയും ചോദ്യം ചെയ്യണം’

കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്ന ആവശ്യവുമായി നിക്ഷേപ തട്ടിപ്പിന് ഇരയായവർ. ഇതുവരെ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇപ്പോൾ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലും പരാതികളില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് അർബൻ നിധി ഡയറക്ടർമാരെ എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ചില ഡയറക്ടർമാരെ കുറിച്ച് ഇനിയും വിവരമില്ലെന്നാണു സൂചന. മറ്റ് ഡയറക്ടർമാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ഇവരെയും ചോദ്യം ചെയ്യണമെന്നാവശ്യം.പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാൽ തട്ടിപ്പിനിരയായവർക്ക്
അവരുടെ പണം തിരിച്ച് നൽകാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രതികൾ തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത സ്വത്തിനെ കുറിച്ചും വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
പണം നഷ്ടപ്പെട്ടവർക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് സമര പരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് നിക്ഷേപ തട്ടിപ്പിനിരയായവർ പറയുന്നു.