ഇടപാടുകാരില്‍ കൂടുതലും പെണ്‍കുട്ടികള്‍; എം.ഡി.എം.എ-യും കഞ്ചാവും കാറിലെത്തി നല്‍കും; യുവാവ് പിടിയില്‍

അത്താണി(എറണാകുളം): പെണ്‍കുട്ടികളെ ലക്ഷ്യമാക്കി മാരക മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോതമംഗലം ഓടക്കാലി സ്വദേശി എ.എ. റിന്‍ഷാദ് (26) പിടിയില്‍.
നെടുമ്പാശ്ശേരി അത്താണിയില്‍ കാറില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന ഒരു കിലോ കഞ്ചാവ് പ്രതിയില്‍നിന്ന് കണ്ടെടുത്തു.
മയക്കുമരുന്ന് വില്‍പ്പന നടത്തി കിട്ടിയ 30,000 രൂപയും മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിക്കുന്ന കാറും പിടികൂടി.
നെടുമ്പാശ്ശേരി അത്താണി, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാരകമായ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എം.ഡി.എം.എ.യും എല്‍.എസ്.ഡി.യും വ്യാപകമായി വില്‍പ്പന നടത്തിയിരുന്നതായും
ഇയാളുടെ ഇടപാടുകാരില്‍ കൂടുതലും പെണ്‍കുട്ടികളാണെന്നും സൂചനയുണ്ട്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും നെടുമ്പാശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.